30 May Saturday

ഹോട്ടലുകളിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020
കോട്ടയം
കോവിഡ്‌ 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഹോട്ടലുകളിൽ ഇപ്പോൾ  താമസിക്കുന്നവരും പുതുതായി എത്തുന്നവരുമായ വിദേശ സഞ്ചാരികളുടെ വിവരങ്ങൾ എല്ലാദിവസവും നൽകണമെന്ന് കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ  ഉടമകൾക്ക് കലക്ടർ നിർദ്ദേശം നൽകി.
ഹോട്ടലുകളിൽ ബുക്കിങ്‌ കുറയ്ക്കണം. നേരത്തെ ബുക്ക് ചെയ്തവർ എത്തിയാൽ താമസസൗകര്യം നിഷേധിക്കരുത്. അവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പെരുമാറാൻ പാടില്ല. ഹോട്ടലുകളിൽ എത്തുന്നവർ കഴിഞ്ഞ ഒരുമാസം  നടത്തിയിട്ടുള്ള യാത്രകളുടെ വിവരങ്ങൾ വിശദമായി ശേഖരിച്ചു നൽകണം.
 കോവിഡ്‌ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ  14 ദിവസം മുറികളിൽ തന്നെ കഴിയാൻ ഇവർക്ക് കർശന നിർദേശം നൽകണം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സ ലഭ്യമാക്കി വിവരം കൊറോണ കൺട്രോൾ റൂമിൽ അറിയിക്കണം. 
 ഹോട്ടലുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എഡിഎം അനിൽ ഉമ്മൻ, അസിസ്റ്റൻറ് കലക്ടർ ശിഖാ സുരേന്ദ്രൻ, ഡിഎംഒ ജേക്കബ് വർഗീസ്, ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ എന്നിവർ സംബന്ധിച്ചു.
 
പ്രധാന വാർത്തകൾ
 Top