03 April Friday

ക്ലമന്റിന്റെ ഏദൻ തോട്ടം

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ക്ലമന്റ് തന്റെ തോട്ടത്തിൽ

 കോട്ടയം

കൃഷി ക്ലമന്റിന്‌ ഒരു വരുമാനമാർഗമല്ല, രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്‌. വേളൂർ മണപ്പുറത്ത്‌ വീട്ടിൽ ക്ലമന്റ്‌ ജോർജി(67)ന്റെ വീട്ടിലേക്ക്‌ ചെന്നാൽ  വിവിധയിനം പച്ചക്കറികളുടെ തോട്ടം കാണാം. നാടൻ മുതൽ വിദേശയിനം വരെ ഇതിൽെപ്പെടും. വീടിരിക്കുന്ന 44 സെന്റിലും മുഴുവൻ ഫലവ്യക്ഷങ്ങളും പച്ചക്കറികളും തന്നെ. 
14 വർഷമായി ക്ലമന്റ്‌ ഈ രംഗത്ത്‌ നിലയുറപ്പിച്ചിട്ട്‌. അച്ഛൻ ജേക്കബിൽ നിന്ന്‌ കൃഷിയുടെ ബാലപാഠം പഠിച്ചു. അമ്മ അച്ചാമ്മയുടെ മരണത്തോടെ കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ച്‌ അച്ഛനൊപ്പം കൈക്കോട്ടുമായി പറമ്പിലേക്കിറങ്ങി. അച്ഛന്റെ കാലശേഷം പൂർണ  കൃഷിക്കാരനായി. പിന്നീട്‌ സ്വന്തം പരീക്ഷണം കൂടിയായതോടെ കൂടുതൽ അടുത്തു. 
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പടർന്ന്‌ പന്തലിച്ച്‌ നിൽക്കുന്ന പല കൃഷി സ്ഥലങ്ങളും ഒരുക്കിയടുത്തത്‌ ഇദ്ദേഹം തന്നെയാണ്‌. സെന്റ്‌ ജോസഫ്‌ പള്ളി, കഞ്ഞിക്കുഴി അരമന എന്നിവിടങ്ങളിലെ കൃഷി ഉദാഹരണം. പയർ, പാവൽ, വെണ്ട,വെള്ളരി, തക്കാളി, വഴുതന തുടങ്ങി ചീരവരെയുള്ള തോട്ടത്തിൽ കാച്ചിൽ, ചേമ്പ്‌ തുടങ്ങിയ കിഴങ്ങ്‌ വർഗങ്ങളും കൂടാതെ ഫലവ്യക്ഷങ്ങളും ധാരാളം. 
ലോലാ പയർ, ജ്യോതി പയർ, മീറ്റർ പയർ, കുറ്റിപ്പയർ, നാടൻ തക്കാളി, ഓവൽ ഷേപ്പുള്ള തക്കാളി, ഹൈബ്രീഡ്‌ ചീര, പസല ചീര, മുകളിലേക്ക്‌ കായ്‌ക്കുന്ന മുളക്‌, വഴുതന എന്നിവ ഇവയിൽ ചിലത്‌ മാത്രം. ഇത്‌ കൂടാതെ  നൈജീരിയൻ ചീരയും കൃഷിചെയ്യുന്നുണ്ട്‌. നമ്മുടെ കാലാവസ്ഥയിൽ സാധാരണ പിടിക്കാത്ത ഇവ ഇവിടെ വളർന്ന്‌ പന്തലിച്ചിരിക്കുന്നു. ജൈവ കൃഷിരീതിയാണ്‌ അവലംബിക്കുന്നത്‌. കൃഷികൊണ്ടുള്ള നേട്ടം എന്താണെന്ന്‌ ചോദിച്ചാൽ "ടെൻഷൻ അവോയിഡ്‌ ചെയ്യാം' എന്നാണ്‌  മറുപടി. 
രാവിലെ ആറിന്‌ തൂമ്പയുമായി പറമ്പിൽ ഇറങ്ങിയാൽ 10.30 യോടെ തിരിച്ച്‌ കയറും. പിന്നെ 3.30ന്‌ വീണ്ടും ഇറങ്ങും. രാത്രി എഴുവരെ തോട്ടത്തിലുണ്ടാകും. ഇടവേളയിൽ കൃഷി സംബന്ധിച്ച പുസ്‌തക വായന. തെങ്ങിന്‌ കേട്‌ വന്നാലും വാഴ കുലയ്‌ക്കാതിരുന്നാലും മാവ്‌ പൂക്കാതിരുന്നാലും അതെല്ലാം പരിഹരിക്കാനുള്ള ടെക്‌നിക്കും ഇദ്ദേഹത്തിനറിയാം. 
തോട്ടത്തിലെ പച്ചക്കറി വാങ്ങാനും നിരവധിപേർ എത്തുന്നു. ക്ലമന്റിന്റെ സഹായി പാചക വിദഗ്‌ധ കൂടിയായ ഭാര്യ മറിയാമ്മ തന്നെ. നല്ല നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നതിലും പുലിയാണ്‌ ക്ലമന്റ്‌. മകൾ ശുഭ വിദേശത്താണ്‌. മകൻ സുബിൻ ചെറുപ്രായത്തിൽ മരിച്ചു. മകന്റെ വിയോഗം ഈ ദമ്പതികളെ കൃഷിയിലേക്ക്‌ കൂടുതൽ അടുപ്പിച്ചു.
 
 
പ്രധാന വാർത്തകൾ
 Top