21 November Thursday

ആസിയാന്‌ പിന്നാലെ ആർസിഇപി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 കോട്ടയം

ആസിയാൻ കരാറിനുപിന്നാലെ കേന്ദ്ര സർക്കാർ ഒപ്പിടാൻ ഒരുങ്ങുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) റബർകർഷകർക്ക്‌ ഇടിത്തീയാകും. 
അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക്‌ വഴിതുറന്നതാണ്‌ ആസിയാൻ കരാറെങ്കിൽ ഈ രംഗത്തേക്ക്‌ കൂടുതൽ രാജ്യങ്ങൾക്ക്‌ അവസരമൊരുക്കുന്നതാണ്‌ ആർസിഇപി കരാർ. പ്രകൃതിദത്ത റബർ ഇറക്കുമതിക്കൊപ്പം റബറധിഷ്‌ടിത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചുങ്കമില്ലാതെ വിപണിയിലെത്താൻ ആർസിഇപി ഇടവരുത്തുമെന്നാണ്‌ ഈ രംഗത്തുള്ളവരുടെ ആശങ്ക. വിലയിടിച്ച്‌ വിപണി പിടിക്കാനുള്ള വൻകിട കമ്പനികളുടെ തന്ത്രത്തിൽ പിടിച്ചുനിൽക്കാനാകാതെ സംസ്ഥാനത്തെ ചെറുകിട റബർ ഫാക്ടറികൾ അടച്ചുപൂട്ടേണ്ടിവരും.  ആഭ്യന്തരവിപണിയിൽ ഇതിനകം 23 ശതമാനമാണ്‌ ചൈനീസ്‌ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം.  ആർസിഇപിയുടെ ഭാഗമായാൽ റബർഅധിഷ്‌ടിത ഉൽപ്പന്നങ്ങളും ചൈന ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിൽനിന്ന്‌ അനിയന്ത്രിതമായി ഒഴുകും. ഉഭയകക്ഷി കരാറിന്റെ ഭാഗമായി മലേഷ്യയിൽനിന്ന്‌ സൈക്കിൾ ട്യൂബ്‌, ചിലതരം ഗ്ലൗസുകൾ, ബുഷുകൾ എന്നിവയുടെ ഇറക്കുമതി കൂടാതെയാണ്‌ മറ്റ്‌ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങളും വിപണിയിൽ നിറയുക.  ആസിയാൻ കരാറിന്റെ നടത്തിപ്പ് കാലാവധി ഡിസംബർ 31ന് കഴിയുന്നതോടെ ഉൽപ്പന്നങ്ങൾ   നികുതിരഹിതമായി ഇറക്കുമതി ചെയ്യുമ്പോഴും ആഘാതം റബറിനു തന്നെ. 2020 ജനുവരി ഒന്നുമുതൽ ഇപ്പോഴുള്ള 25 ശതമാനം ഇറക്കുമതിച്ചുങ്കം ഒഴിവാക്കി  ഇറക്കുമതിക്ക്‌ അവസരമൊരുക്കാനാണ്‌ കേന്ദ്രനീക്കം. ഇതിനുപിന്നാലെയാണ്‌ ആർസിഇപി കരാറിലൂടെ എല്ലാ റബറധിഷ്ഠിത ഉല്പന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെ ആഭ്യന്തരവിപണിയിലേക്ക്‌ ഒഴുക്കുന്നത്‌. 
അനിയന്ത്രിതമായ ഇറക്കുമതിയിൽ സംസ്ഥാനത്തെ റബർ കർഷകരെല്ലാം നട്ടംതിരിയുകയാണ്‌. ജൂണിൽ 150 രൂപ വില വന്നത്‌ പ്രതീക്ഷയായെങ്കിലും വീണ്ടും താഴേക്ക്‌ കൂപ്പുകുത്തി.    
 ടാപ്പിങ്ങിന്റെ ചെലവുകൂടി കണക്കുകൂട്ടിയാൽ കർഷകർക്ക‌് ഒരുതരത്തിലും ആദായകരമല്ല.   
ഒരു കിലോഗ്രാം ഉണക്കഷീറ്റ് റബറിന് 172 രൂപ ഉല്പാദനചെലവുണ്ടെന്നാണ്‌ ലോക്‌സഭയിൽ കേന്ദ്രവാണിജ്യമന്ത്രി സമ്മതിച്ചത്‌. വസ്‌തുത ഇതായിരിക്കെ   
165 രൂപയുടെ ഉത്തേജകപാക്കേജ് മതിയെന്ന റബർബോർഡ്‌ ശുപാർശയിലും കർഷകർ പ്രതിഷേധത്തിലാണ്‌. റബറിന്റെ ആവശ്യകത വർധിച്ചിട്ടും ഉൽപ്പാദനം ഉയരുന്നില്ല. ഉൽപ്പാദനചെലവിനൊപ്പം വില കിട്ടാതെ കർഷകർ കൃഷി ഉപേക്ഷിച്ചതാണ്‌ ഇതിനുള്ള കാരണം.  റബറിന്റെ ആഭ്യന്തര ഉപഭോഗം 12.12  ലക്ഷം ടൺ ആണെങ്കിലും 2018–-19 വർഷം ആറരലക്ഷം ടൺ മാത്രമാണ്‌ ഉൽപ്പാദനം. ഇറക്കുമതിയിലൂടെ 5.82 ലക്ഷം ടൺ സംഭരിച്ചു. 8,22,000 ഹെക്ടർ തോട്ടമുണ്ടെങ്കിലും 6,40,000 ഹെക്ടറിൽ മാത്രമായി ടാപ്പിങ്‌ ചുരുങ്ങിയെന്ന്‌ റബർബോർഡിന്റെ അവലോകന റിപ്പോർട്ട‌് വ്യക്തമാക്കുന്നു. ആർസിഇപി കരാറും നടപ്പാകുന്നതോടെ അവശേഷിക്കുന്ന കൃഷിയെയും ബാധിക്കും. 
പ്രധാന വാർത്തകൾ
 Top