27 May Wednesday

ഇവിടെ ‘ആരോഗ്യം’ സമ്പന്നം വികസനത്തിന‌് പിന്തുണയേകി കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

പാലാ മാർ സ്ലീവാ മെഡിസിറ്റി മന്ത്രി കെ കെ ശൈലജ സന്ദർശിച്ചപ്പോൾ

പാലാ 
എൽഡിഎഫ‌് ഭരണത്തിൽ ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച‌് പറയാനേറെയുണ്ട‌്. പാലാക്കാർ അതെല്ലാം അനുഭവിച്ചറിയുന്നവരുമാണ‌്. ‘നിപ്പ’യെ ചെറുത്തു തോൽപിച്ച, ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ മേഖലയ‌്ക്ക‌് കരുത്തുപകർന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകൾക്ക‌് കാതോർത്ത പാലായിലെ കുടുംബസദസ്സുകൾ നിറഞ്ഞ കൈയടിയിലൂടെ മനസ്സറിയിച്ചു.
   എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തോട‌് അനുബന്ധിച്ച‌് ഭരണങ്ങാനം പഞ്ചായത്തിലെ അളനാടും രാമപുരം പഞ്ചായത്തിലെ കുറിഞ്ഞിയിലുമായിരുന്നു മന്ത്രി പങ്കെടുത്ത കുടുംബസംഗമങ്ങൾ. പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളെക്കുറിച്ച‌് മന്ത്രി കെ കെ ശൈലജയ‌്ക്ക‌് വ്യക്തമായ ചിത്രമുണ്ടെന്ന‌് വാക്കുകളിൽ സ‌്പഷ‌്ടം. പിഎച്ച‌്സിയെ സിഎച്ച‌്സിയാക്കിയതും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമെല്ലാം മന്ത്രി ഓർത്തെടുത്തു. സർക്കാർ പ്രഖ്യാപിച്ച നാലു മിഷനുകൾ ലക്ഷ്യത്തിലേക്ക്‌ എത്തുന്നതിന്റെ സന്തോഷം മന്ത്രി കുടുംബസദസ്സിൽ പങ്കുവച്ചു. 
 ‘‘ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അടക്കമുള്ള സർക്കാർ മിഷനുകളെ വിമർശകർ പോലും ഹൃദയത്തിലേറ്റുവാങ്ങി. ഹൃദയത്തിന‌് തകരാറുള്ള കുഞ്ഞുങ്ങൾക്കായി ആരംഭിച്ച ‘ഹൃദ്യം’ പദ്ധതിയിലൂടെ രണ്ടുവർഷംകൊണ്ട‌് 1500 കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു’’ എന്ന മന്ത്രിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ‌് സദസ്സ്‌ വരവേറ്റത‌്.  
  കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ എതിരാളിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന മാണി സി കാപ്പൻ ജയത്തിന‌് അർഹനാണെന്ന‌് പാലായിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട‌്. ഇത‌് വോട്ടായി പ്രതിഫലിപ്പിച്ചാൽ ഇനിയുള്ള ഒന്നരവർഷം അദ്ദേഹത്തിലൂടെ പാലായിൽ വികസനതേരോട്ടം സൃഷ്ടിക്കാൻ കഴിയുമെന്നും കെ കെ ശൈലജ പറഞ്ഞു.  
പാലാ മരിയൻ സെന്റർ ആശുപത്രിയും കഴിഞ്ഞ ദിവസം മാർ ജോർജ‌് ആലഞ്ചേരി ആശീർവദിച്ച പാലാ രൂപതാ മെഡിക്കൽ എജ്യുക്കേഷൻ ട്രസ‌്റ്റിനു കീഴിലെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയും  മന്ത്രി സന്ദർശിച്ചു. എക‌്സിക്യൂട്ടീവ‌് ഡയറക്ടർ മോൺ. അബ്രാഹം കൊല്ലത്താനത്തുമലയിൽ, ഡയറക്ടർമാരായ ഫാ. ജോസ‌് കീരഞ്ചിറ, ഫാ. ജോസഫ‌് പരിയാത്ത‌്, ഫാ. ഗർവാസിസ‌് ആനിത്തോട്ടം, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ‌് എന്നിവർ ചേർന്ന‌് മാർസ്ലീവാ മെഡിസിറ്റിയിലേയ‌്ക്ക‌് മന്ത്രിയെ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജും കൂടെയുണ്ടായിരുന്നു. മരിയൻ സെന്റർ ആശുപത്രിയിലെത്തിയ കെ കെ ശൈലജയെ അഡ‌്മിനിസ‌്ട്രേറ്റർ സിസ‌്റ്റർ ഷേർലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top