രാമപുരം
കവളപ്പാറയിലുണ്ടായ ദുരന്തം ആവർത്തിക്കാൻ കുറിഞ്ഞി കോട്ടമലയെ വിട്ടുകൊടുക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ വിജയത്തിനായി കുറിഞ്ഞിയിൽ ചേർന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിനൊപ്പം നിന്നത് വോട്ടിനുവേണ്ടിയല്ല, ഇവിടെയുള്ള ആരെങ്കിലും പിന്മാറിയാലും ഞങ്ങൾ പിന്മാറില്ല. പരിസ്ഥിതിയുടെ പേരിൽ വോട്ടുപിടിക്കാൻ വരുന്നവരെയൊന്നും സമരനാളുകളിൽ കണ്ടില്ല. പാറപൊട്ടിക്കാൻ വന്നവർക്ക് ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്കുവാങ്ങാൻ ശേഷിയുള്ളവരാണ്. അന്നത്തെ യുഡിഎഫ് സർക്കാർ അവർക്ക് സുപ്രീംകോടതിയിൽ പോകാൻ ഒത്താശചെയ്തു. വൈദികരെയും നാട്ടുകാരെയും അറസ്റ്റ് ചെയ്തു. യുഡിഎഫിൽ നിന്ന് ഒരാളും പ്രതികരിക്കാനോ കുറിഞ്ഞിമല സംരക്ഷിക്കാനോ രംഗത്തിറങ്ങിയില്ല. സഹായഹസ്തവുമായി ഓടിയെത്തിയവരെ മറക്കാനാകില്ല. അത് ഈ നാട് തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് പലരും വേഷംകെട്ടി വരുന്നത്. അന്നൊരു പെസഹാ വ്യാഴാഴ്ച രാത്രി ഗുണ്ടകളെ കൂട്ടി വഴിവെട്ടാൻ ശ്രമിച്ചു. കോട്ടമല സംരക്ഷിക്കാൻ എന്തുവിലകൊടുത്തും രംഗത്തിറങ്ങിയപ്പോൾ പൊലീസും ഗുണ്ടകളും സ്ഥലംവിട്ടു. വഴിവെട്ടാനും പാറപൊട്ടിക്കാനും വന്നപ്പോഴും വൈദികനെ കൽത്തുറങ്കിലടച്ചപ്പോഴും യുഡിഎഫുകാർ എവിടെയായിരുന്നു. എംഎൽഎയുടെ സഹായവും നാട്ടുകാർക്ക് കിട്ടിയില്ല. മാണി സി കാപ്പൻ വിജയിച്ചാൽ കുറിഞ്ഞിമല സംരക്ഷിക്കുന്ന പടനായകനായിരിക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
വാർഡംഗം ജീനസ് നാഥ് അധ്യക്ഷനായി. മന്ത്രി കെ കെ ശൈലജ, സി കെ ആശ എംഎൽഎ, ഖാദി ബോർഡ് വൈസ്ചെയർപേഴ്സൺ ശോഭന ജോർജ്, എൻസിപി നിർവാഹകസമിതിയംഗം ടി വി ബേബി, പയസ് അഗസ്റ്റിൻ, വി ജി വിജയകുമാർ, എം ടി ജാന്റിഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..