22 October Tuesday
രോഗികളും ബന്ധുക്കളും നെട്ടോട്ടത്തിൽ

ആംബുലൻസ്‌ തകരാറിലായിട്ട്‌ മാസങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
 
മൂന്നാർ 
മൂന്നാർ പഞ്ചായത്തിലെ ആംബുലൻസ്‌ തകരാറിലായിട്ട്‌ മാസങ്ങൾ. അടിയന്തരഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാൻ പരക്കംപായുകയാണ്‌ ജനങ്ങൾ. വൻ തുക മുടക്കി ദൂരസ്ഥലങ്ങളിൽനിന്ന്‌ ആംബുലൻസ്‌ വിളിച്ചുവരുത്തേണ്ട ഗതികേടിലാണിവർ. എന്നാൽ, അറ്റകുറ്റപ്പണിക്കെന്ന പേരിൽ പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ കയറ്റിയ ആംബുലൻസ്‌ പിന്നീട്‌ ഓടാനായി എത്തിയിട്ടില്ല. നാട്ടുകാർ നിരവധി തവണ നിവേദനം നൽകിയിട്ടും അനങ്ങാപ്പാറ നയമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ഈ ആവശ്യം ഉന്നയിച്ച് യുവജന സംഘടനകളും പഞ്ചായത്ത് ഓഫീസിലേക്ക്‌ മാർച്ച് നടത്തിയിരുന്നു. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വിനോദ സഞ്ചാരമേഖലയായ മൂന്നാറിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽപ്പെടുന്നവരെ വിദഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോകണമെങ്കിൽ വിദൂരസ്ഥലങ്ങളിൽനിന്ന്‌ ആംബുലൻസ്‌ എത്തിക്കേണ്ട സ്ഥിതിയാണ്‌. ഇതുമൂലമുണ്ടാകുന്ന കാലതാമസം രോഗിയുടെ സ്ഥിതി വഷളാക്കും. തൊട്ടടുത്ത പഞ്ചായത്തായ ദേവികുളത്ത്‌ ആംബുലൻസ് സൗകര്യമുണ്ടെങ്കിലും ആവശ്യ സമയങ്ങളിൽ ഇതിന്റെ സേവനം ലഭിക്കാറില്ല. 
വരുമാനത്തിൽ മികച്ച പഞ്ചായത്തെന്ന സ്ഥാനമുണ്ടെങ്കിലും ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഉദ്യോഗസ്ഥരും. പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top