27 January Monday
അടുത്ത ലക്ഷ്യം സിവിൽ സർവീസ‌്

ഉള്ളിൽ തെളിയുന്നു കാർത്തിക ദീപം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

അകക്കണ്ണിൽ.... അനുജൻ ജയകൃഷ്ണന്റെ അരികിലിരുന്ന് ബ്രെയിൽ ലിപിയിൽ പഠിക്കുന്ന കാർത്തിക

 കോട്ടയം

ജീവിതത്തിന്റെ  വെല്ലുവിളികളെ നേരിടാൻ നമ്മൾ ഉയരുമ്പോൾ കണ്ടെത്താത്ത നിരവധി ആന്തരിക ശക്തിയിലേക്കും ലക്ഷ്യത്തിലേക്കും നമ്മൾ ഉണരുന്നു എന്നതിന്റെ ഉദാഹരണമാണ് കാഴ്ചയില്ലാത്ത കാർത്തിക എസ് എന്ന മിടുക്കി. എട്ടര വയസ്സുള്ളപ്പോഴാണ് സൈനസിലെ ട്യൂമർ  മൂലം കാഴ്ച ശക്തി പൂർണമായും നഷ്ടമാകുന്നത്. എന്നാൽ അതൊരു കുറവേ അല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനുള്ള തയ്യാറെടുപ്പിലൂടെ. 
ഹൈദരാബാദ് ഇഫ്ലൂ യൂണിവേഴ്സിറ്റിയുടെ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ ദേശീയതല പ്രവേശന പരീക്ഷയിൽ പതിനൊന്നാം റാങ്ക് നേടിയാണ് കാർത്തിക ഉന്നത പഠന യോഗ്യത നേടിയത്. കാഴ്ച ഉള്ളവർക്കു പോലും ലഭിക്കാൻ ബുദ്ധിമുട്ടുള്ള അപൂർവ നേട്ടമാണ‌്  കാർത്തികക്ക് ലഭിച്ചത്. 
ബ്രെയ്ൽ ലിപിയിലൂടെയും ഓൺലൈൻ ബുക്കുകളുടെ കേൾക്കാനുള്ള സൗകര്യങ്ങളിലൂടെയുമാണ്  കാർത്തികയുടെ പഠനം. എം എയ‌്ക്കു ശേഷം സിവിൽ സർവീസാണ് അടുത്ത ലക്ഷ്യം. വീട്ടുകാരും അധ്യാപകരും സുഹൃത്തുക്കളും പഠനത്തിനാവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ട‌്. 
ടോക്ബാക്ക് സൗകര്യങ്ങൾ ഉള്ളതിനാൽ ലാപ്ടോപ്പും മൊബൈലും ഉപയോഗിക്കുതിന് ഒരു പ്രശ്നവുമില്ല. ഫെയ്സ് ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങി സോഷ്യൽ മീഡിയകളിലും ആക്ടീവാണ്. ബ്ലയ്ൻഡ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ലാപ്‌ടോപ് കീകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ചു. എഴുത്തിൽ താൽപ്പര്യമുള്ളതിനാൽ സ്വന്തമായൊരു ബ്ലോഗും ഇപ്പോൾ  ഉണ്ട്. ഫ്രണ്ട്സാണ് ബ്ലോഗിൽ തന്റെ എഴുത്തുകൾ പബ്ലിഷ് ചെയ്യാൻ സഹായിക്കുന്നത്. 
പരിമിതികൾക്കിടയിലും പഠനം ഉപേക്ഷിക്കില്ല എന്ന ദൃഢനിശ്ചയം കുരുന്നു മനസ്സിൽ തന്നെ രൂപം കൊണ്ടതാണ് ഇതുവരെ തളരാതെ മുന്നേറാൻ സഹായിച്ചത്. പ്ലസ്‌ടുവിലെ 100 ശതമാനം മാർക്കും പത്താം ക്ലാസിലെ ഫുൾ എ പ്ലസും ആ മനോബലത്തിലൂടെ തന്നെ. തുടർന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ 83 ശതമാനം മാർക്കോടെ ഡിഗ്രിയും പൂർത്തീകരിച്ചു. കാർത്തികക്ക്  കാണാൻ അച്ഛന്റെയും  അമ്മയുടെയും അനിയന്റെയും അടക്കം അര ഡസൻ കണ്ണുകളുണ്ട‌്. അതു കൊണ്ട് തന്നെ ഒരിക്കലും കാഴ്ചയില്ലായ്‌മ ഒരു കുറവായി തോന്നിയിട്ടില്ല. 
സാധാരണ ഒരാളെപ്പൊലെ എല്ലാം ഈ മിടുക്കിയും ചെയ്യും. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറായ എം  ബി ജയചന്ദ്രന്റെയും ശ്യാമയുടെയും മൂത്ത മകളാണ് കാർത്തിക. ഒമ്പതാം ക്ലാസുകാരൻ ജയകൃഷ്ണനാണ് സഹോദരൻ.  സിവിൽ സർവീസ് സ്വപ്നത്തിനൊപ്പം കാഴ‌്ച പരിമിതിയുള്ള കുട്ടികളിലേക്കും ദീപമായി  നിറയാൻ കാർത്തികയ‌്ക്ക‌് മോഹമുണ്ട‌്.
പ്രധാന വാർത്തകൾ
 Top