22 October Tuesday

ഇനി ഓലയുടെ സുവർണകാലം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 കോട്ടയം

ഓല മെടഞ്ഞ കൂര ആഡംബരമൊന്നും അല്ലെങ്കിലും മലയാളിക്ക‌് ഗൃഹാതുര ദൃശ്യമാണ‌്. ടൂറിസ‌്റ്റുകളെ ആകർഷിക്കാൻ എല്ലായിടത്തും കേരളീയത അണിയിച്ചൊരുക്കുമ്പോൾ ഓലകൾക്കും സുവർണകാലം വന്നിരിക്കുകയാണ‌്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ റിസോർട്ടുകൾക്കായി ഓല മെടഞ്ഞുനൽകാൻ മൂന്നു ജില്ലകൾക്ക് കരാർ ലഭിച്ചു. കിട്ടിയത് 36 ലക്ഷം രൂപയുടെ ഓർഡർ. കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായി കൈകോർത്ത് നടപ്പാക്കുന്ന പദ്ധതിക്ക് ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 
  മെടഞ്ഞെടുക്കുന്ന ഓലകൾ ട്രാവൽമാർട്ട് സൊസൈറ്റി വഴി റിസോർട്ടുകൾക്ക് വിൽക്കും. മിഷന്റെ നേതൃത്വത്തിൽ വനിതാ ഗ്രൂപ്പുകളാണ് ഓല മെടയുന്നത്. വനിതകൾക്ക‌ുപുറമെ പുരുഷൻമാരുമുണ്ട‌് ഓല മെടയാൻ. 
റിസോർട്ടുകൾ കേരളീയ ശൈലിയിൽ പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയിൽ കോൺക്രീറ്റ് മേൽക്കൂരക്ക‌് മുകളിൽ പുല്ലും ഓലയും മേയുന്നുണ്ട്. പുല്ലിന് ക്ഷാമമാണ്. അതുപോലെ വനത്തിൽനിന്ന് ശേഖരിക്കാൻ നിയന്ത്രണവുമുണ്ട്. അങ്ങനെയാണ് ഓലയിലേക്ക‌് ചിന്ത പോയത‌്. മുന്നൂറോളം ഗ്രൂപ്പുകൾ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഓല മെടയാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട‌്. കോട്ടയത്ത് കുമരകത്തും, തിരുവനന്തപുരത്ത് പൂവാർ, കോവളം എന്നിവിടങ്ങളിലും കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ഓലകൾ മെടയുന്നത്. ഒരു ഓല മെടയുന്നവർക്ക‌് 18 രൂപ കിട്ടും. മുമ്പ‌് തമിഴ്നാട്ടിൽനിന്നും മെടഞ്ഞ ഓലകൾ റിസോർട്ടുകൾ വാങ്ങിയിരുന്നു.  
 മുപ്പത‌് ലക്ഷം ഓലയെങ്കിലും കേരളത്തിലെ റിസോർട്ടുകൾക്കു വേണമെങ്കിലും ആദ്യഘട്ടത്തിൽ രണ്ടു ലക്ഷത്തിന്റെ ഓർഡറാണ് കിട്ടിയത്. കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായുള്ള ധാരണപ്രകാരമാണ് രണ്ടു ലക്ഷത്തിന്റെ ആദ്യ ഓർഡർ. ഇത് ജൂലൈ അവസാനം നൽകും. കുമരകം, വൈക്കം, തലയാഴം എന്നീ ഭാഗങ്ങളിലാണ‌് ഓല പ്രധാനമായും മെടയുന്നത‌്. ഇതിനായി വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. പുരുഷൻമാർ ഉൾപ്പെടെ 160 പേർ രജിസ‌്റ്റർചെയ‌്തു. ഇതിൽ 84 പേരാണ‌് ഇപ്പോൾ ഓലമെടയുന്നത‌്. ഇതിൽ പുരുഷൻമാർ 15. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ പേർക്ക‌് തൊഴിൽ നൽകുക എന്നതാണ‌് ലക്ഷ്യം. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top