19 July Friday

പകര്‍ച്ചവ്യാധി: ആരോഗ്യ വകുപ്പിന് അടിയന്തര വിവരം നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കോട്ടയം
മഴക്കാലത്ത് രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്  പകർച്ചവ്യാധികൾ സംബന്ധിച്ച വിവരങ്ങൾ ആരംഭഘട്ടത്തിൽത്തന്നെ അടിയന്തരമായി  ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കലക്ടർ പി  കെ സുധീർ ബാബു അറിയിച്ചു. കൊതുകുകളുടെ സാന്ദ്രത വർധിക്കാനിടയുളള നഗര പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും ആരോഗ്യ വകുപ്പും സംയുക്തമായി പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തണമെന്ന് കലക്ടറേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രത സമിതി യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു. 
ഹോസ്റ്റലുകൾ, കോളനികൾ, ഫ്ളാറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ പകർച്ച വ്യാധികൾ ഉണ്ടാകുമ്പോൾ  തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ  വിവരം നൽകണം. രോഗ വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തയ്യാറാകാത്ത സ്ഥാപന നടത്തിപ്പുകാർക്കും അധികൃതർക്കുമെതിരെ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. 
കൊതുക് സാന്ദ്രത വർധിച്ചതായി  ശ്രദ്ധയിൽപ്പെട്ട ഫാത്തിമപുരം, മുട്ടമ്പലം എന്നിവിടങ്ങളിൽ  ഫോഗിങ‌് നടത്തും. മത്സ്യവിപണനത്തിനായി ഉപയോഗിക്കുന്ന  പെട്ടികൾ സൂക്ഷിക്കുന്നതിന്  ഷെൽറ്റർ സംവിധാനം ഒരുക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. വൈക്കം കോലോത്തുംകടവ് മാർക്കറ്റിൽ മീൻപെട്ടികളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.  പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്ത്  ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും കലക്ടർ  നിർദ്ദേശിച്ചു.   
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ആർ രാജൻ, നഗരസഭാ അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ  എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
 
 
പ്രധാന വാർത്തകൾ
 Top