17 November Sunday

രണ്ട‌് കോടിയുടെ ഹാഷിഷ‌് ഓയിലുമായി ബ്യൂട്ടി പാർലർ ഉടമ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കൊച്ചി
ബ്യൂട്ടി പാർലർ നടത്തിപ്പിന്റെ മറവിൽ മയക്കുമരുന്ന‌് വ്യാപാരം നടത്തിയിരുന്നയാളെ രണ്ട‌് കോടിയുടെ ഹാഷിഷ‌് ഓയിലുമായി എക‌്സ‌്സൈസ‌് പിടികൂടി.  ഈരാറ്റുപേട്ട തടയ്ക്കൽ പള്ളിത്താഴ സക്കീറിനെയാണ് (കുരുവി അഷ‌്റു–-33) ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റ‌് ചെയ്തത്. ഇയാളുടെ പക്കൽനിന്ന‌് രണ്ട് കിലോ ഹാഷിഷ് ഓയിലും 130 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. തൃശൂരിൽനിന്ന് മയക്കുമരുന്നുമായി കാറിലെത്തിയ സക്കീറിനെ ആലുവ കുട്ടമശേരിക്കടുത്ത് എക്‌സൈസ് ഷാഡോ സംഘം തടഞ്ഞു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാർ ഉപേക്ഷിച്ച് ഓടിയ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
പെരുമ്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സക്കീർ ഇത് മറയാക്കി വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  നിശാപാർട്ടികൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയിൽ ഇതിന് രണ്ട് കോടിയിലധികം രൂപ വിലയുണ്ട‌്. ഹിമാചൽ പ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽനിന്ന് ഏജന്റുമാർ വഴിയാണ് ഹാഷിഷ് എത്തിക്കുന്നത‌്. സുഹൃത്ത് വഴി ബംഗളൂരുവിൽ പരിചയപ്പെട്ട ഒരു ഇറാനിയൻ സ്വദേശി വഴിയാണ് ഹാഷിഷ് ഓയിൽ വാങ്ങാൻ തുടങ്ങിയത്. ഇറാനിയൻ സ്വദേശിയുടെ ഏജന്റുമാരുമായി ടെലിഗ്രാം മെസഞ്ചർ വഴി വിവരങ്ങൾ കൈമാറി തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ വരുത്തിയാണ‌് ഹാഷിഷ് ഓയിൽ വാങ്ങിയിരുന്നത്. സക്കീറിന്റെ സഹായികളെ നേരത്തെ പിടികൂടിയിരുന്നു.
മൈസൂരുവിൽനിന്ന‌് മൈസൂർ മാങ്കോ എന്ന ഇനത്തിൽപ്പെട്ട കഞ്ചാവ് കൊണ്ടുവന്ന‌് നാട്ടിൽ വിൽപ്പന നടത്തിയിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന മാഫിയ സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന‌് എക‌്സൈ‌സ‌് ഇൻസ‌്പെക‌്ടർ ടി കെ ഗോപി പറഞ്ഞു. ഈരാറ്റുപേട്ട സ്വദേശിയായ സക്കീർ ഇപ്പോൾ ആലുവ കുട്ടമശേരിക്കടുത്ത് വാടകയ‌്ക്കാണ‌് താമസം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top