25 May Monday
2 സാമ്പിളുകള്‍ നെഗറ്റീവ്

ആശ്വാസദിനം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

ചെങ്ങളത്തെ വീടുകളിൽ രണ്ടാംഘട്ട സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന ആരോഗ്യപ്രവർത്തകർ

 കോട്ടയം

കോവിഡ്‌ 19 മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിനിടെ ലഭിച്ച രണ്ട്‌ സാമ്പിളുകളുടെ പരിശോധനാ ഫലംകൂടി നെഗറ്റീവായതോടെ ജില്ലയ്‌ക്ക്‌ അൽപം ആശ്വാസമായി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ  മരിച്ചയാൾക്കടക്കം രോഗബാധയില്ലെന്ന്‌ സ്ഥിരീകരിച്ചു. പുതിയ രോഗബാധിതരില്ലാത്തതും ആശങ്കകൾ ഒഴിയുന്നു എന്ന സൂചന നൽകുന്നതായി.
കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽനിന്ന് അയച്ച രണ്ടു സാമ്പിളുകളിലും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ചവരുടെ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവാണ്‌. കോട്ടയത്തും പത്തനംതിട്ടയിലുമായി രണ്ടുപേരാണ്‌ ഇത്തരത്തിൽ മരിച്ചത്‌. രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോണ്ടാക്ട്) കോട്ടയംകാരനായ യുവാവിന്റെ അച്ഛന്റെയും പത്തനംതിട്ടയിൽ ചികിത്സയിൽ കഴിയുന്ന റാന്നി സ്വദേശികളുടെ ബന്ധുവിന്റെയും സാമ്പിളുകളാണിത്. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഞായറാഴ്‌ച അഞ്ചു സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു.
പുതിയതായി 72 പേർക്കു കൂടി ആരോഗ്യവകുപ്പ് ഹോം ക്വാറന്റയിൻ നിർദേശിച്ചതോടെ പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവരുടെ എണ്ണം ജില്ലയിൽ 1,179 ആയി. ദുബായിൽനിന്നെത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
  രോഗം സ്ഥീരികരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോണ്ടാക്ട്) ഒരു കുട്ടിയെയും ഒരു സെക്കൻഡറി കോണ്ടാക്ടിനെയും ഞായറാഴ്‌ച കണ്ടെത്തി. ഇതുവരെ 128 പ്രൈമറി കോൺടാക്ടുകളെയും 458 സെക്കൻഡറി കോൺടാക്ടുകളെയുമാണ് ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്.
 
 
പ്രധാന വാർത്തകൾ
 Top