29 May Friday

പിടിച്ചുകെട്ടിയപോലെ ഹൗസ്‌ബോട്ട്‌ മേഖല

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

സഞ്ചാരികൾ ഇല്ലാത്തതിനെ തുടർന്ന് കുമരകത്ത് ഒതുക്കി ഇട്ടിരിക്കുന്ന ഹൗസ് ബോട്ടുകൾ.

കുമരകം
കടുത്ത പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌ ഹൗസ്‌ ബോട്ട്‌ മേഖല. കോവിഡ്‌ 19 റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്‌ വിനോദസഞ്ചാരികൾ. വിദേശികളുടെ വരവ്‌ നിലച്ചു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ ഹൗസ്‌ ബോട്ട്‌ ഉടമകൾ പറഞ്ഞു.
15 ദിവസമായി കുമരകത്ത്‌ ഹൗസ്‌ ബോട്ടുകൾ ഓട്ടം നിലച്ചിട്ട്‌. 130 ഓളം ഹൗസ്‌ ബോട്ടുകളാണ്‌ കുമരകത്തുള്ളത്‌. സാധാരണ രണ്ട്‌ മാസം മുമ്പ്‌ ബുക്കിങ് ലഭിക്കാറുണ്ട്‌. എന്നാൽ കോവിഡ്‌ 19 മൂലമുള്ള ആശങ്കകൾ തീർന്നാലും ബുക്കിങ് വൈകും. 
രണ്ട്‌ ബെഡ്‌ റൂമുള്ള ഹൗസ്‌ ബോട്ടിൽ മൂന്ന്‌ സ്ഥിരം ജീവനക്കാരുണ്ട്‌. വലിയ ബോട്ടുകളിൽ ആറ്‌ പേർവരെ ഉണ്ടാകും. കൂടാതെ  താൽകാലിക ജീവിനക്കാരുമുണ്ട്‌. പ്രതിസന്ധിയായതോടെ താൽകാലിക ജീവനക്കാരുടെ ജോലി നഷ്‌ടപ്പെട്ട അവസ്ഥയാണ്‌. സ്ഥിരം ജീവനക്കാർക്ക്‌ ശമ്പളം ഉടമകൾ കൈകളിൽനിന്ന്‌ കൊടുക്കേണ്ട സാഹചര്യവും. ഓട്ടമില്ലാത്തതിനാൽ ഇവർക്ക്‌ ബാറ്റ നൽകുന്നില്ല. 
പ്രളയം കഴിഞ്ഞ്‌ ഹൗസ്‌ ബോട്ട്‌ മേഖല കരകയറി വരുന്നതിനിടെയാണ്‌ പുതിയ വെല്ലുവിളി. പലരും ലോണെടുത്തും പലിശയ്‌ക്ക്‌ പണം കടമെടുത്തുമാണ്‌ ബോട്ട്‌ വാങ്ങിയത്‌. ഇവയുടെ തിരിച്ചടവും പ്രതിസന്ധിയിലാണെന്ന്‌ കുമരകം ഹൗസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ പി എസ്‌ ഡേവിഡ്‌, സെക്രട്ടറി ഹണി ഗോപാൽ എന്നിവർ പറഞ്ഞു. ഹോട്ടലുകളിൽ ബുക്കിങ് എടുക്കുന്നുമില്ല. ഉള്ളവ റദ്ദാക്കുന്നു. ഇതും ഹൗസ്‌ബോട്ട്‌ മേഖലയെ പ്രതികൂലമായി  ബാധിക്കുന്നു.
 
.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top