05 December Thursday
മെഡി. കോളേജ്‌ വീണ്ടും സൂപ്പർ

ഇനി ഡയാലിസിസ്‌ യന്ത്രം രോഗിക്കരികിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 

ഏറ്റുമാനൂർ
ഇനിമുതൽ ഡയാലിസിസ്‌ നടത്താൻ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിന്റെ മുറിക്കുമുമ്പിൽ രോഗികൾ കാത്തുകിടക്കേണ്ട. സ്‌ട്രച്ചറിൽ മണിക്കൂറുകൾ  ഊഴം കാത്തു കിടക്കുന്ന വൃക്കരോഗികൾക്ക്‌ പുതിയ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പുതിയ സംവിധാനത്തിൽ യന്ത്രം രോഗിയുടെ കിടയ്‌ക്കയിലെത്തിച്ച്‌ ഡയാലിസിസ്‌ നടത്തും. കിടപ്പുരോഗികളുടെ  ഇസിജി എടുക്കുന്നവിധം ഇനിമുതൽ ഡയാലിസിസും നടത്താൻ സൗകര്യമായി. ആധുനിക ചികിൽസാ സൗകര്യങ്ങൾ ഒരുക്കി  ജില്ലയുടെ അഭിമാനമായി മാറുന്ന ആതുരാലായത്തിന്റെ നെറുകയിൽ ചാർത്തുന്ന ഒരു പൊൻതൂവൽ കൂടിയാണ്‌ പുതിയ പദ്ധതി. വൃക്കരോഗ വിഭാഗത്തിലാണ് ഈ ആത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്‌.  സംസ്ഥാനത്തെ സർക്കാർ ആശുപത്രകളിൽ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രം ഇവിടെയാണ്‌.   
ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പുതിയ സൗകര്യം കൂടുതൽ ആശ്വാസമാകും. അത്യാസന്ന നിലയിൽ കഴിയുന്ന രോഗികൾക്ക്‌ പലപ്പോഴും ഡയാലിസിസും വേണ്ടിവരും. ഇത്തരം സാഹചര്യത്തിൽ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ച് ഡയാലിസിസ്‌ ചെയ്യുകയായിരുന്നു പതിവ്‌. പുതിയ സൗകര്യം  വന്നതോടെ വിവിധ വാർഡുകളിൽ നിന്ന്‌  ഡയാലിസിസിനായി രോഗികളെ ഉന്തുവണ്ടികളിൽ കൊണ്ടുപോകേണ്ട സ്ഥിതി ഒഴിവായി. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. 
 
 
 
പ്രധാന വാർത്തകൾ
 Top