15 October Tuesday

പാലായിൽ നടപ്പാക്കിയത്‌ 340 കോടിയുടെ വികസനം:

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

 

പാലാ
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ‌് പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌്  ജനങ്ങളെ സമീപിക്കുന്നതെന്ന‌് മന്ത്രി ജി സുധാകരൻ. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തി നിലപാട‌് സ്വീകരിക്കുമെന്ന‌് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മണ്ഡലത്തിൽ മാത്രം 340 കോടി രൂപയുടെ വികസനമാണ‌് പൊതുമരാമത്ത്‌ വകുപ്പ‌് മുഖേന സർക്കാർ നടപ്പാക്കിയത‌്. യുഡിഎഫ‌് കാലത്ത‌് മുടങ്ങിക്കിടന്ന അരുണാപുരം പിഡബ്ല്യുഡി റസ‌്റ്റ‌്ഹൗസ‌് പുതിയ എസ‌്റ്റിമേറ്റും കരാറും ഉണ്ടാക്കി നിർമാണം പൂർത്തീകരിച്ച‌് തുറന്നു. ഇതോടെ പിഡബ്ല്യുഡിക്ക‌് രണ്ട‌് റസ‌്റ്റ‌്ഹൗസുകളുള്ള അപൂർവം പട്ടണങ്ങളിലൊന്നായി പാലാ. പാലാ സബ‌് രജിസ‌്ട്രാർ ഓഫീസിന‌് സിവിൽ  സ‌്റ്റേഷൻ വളപ്പിൽ ഭൂമി ലഭ്യമാക്കി രണ്ടുവർഷം കൊണ്ട‌് ബഹുനില മന്ദിരം യാഥാർഥ്യമാക്കി. സബ‌് ട്രഷറി ഓഫീസിനും പുതിയ മന്ദിരം നിർമിച്ചു. റോഡ‌്, പാലങ്ങൾ എന്നിങ്ങനെ മറ്റനേകം പദ്ധതികളും പൂർത്തീകരിക്കുകയും ചിലത‌് നിർമാണഘട്ടത്തിലുമാണ‌്. ഇവിടത്തെ മുൻ ജനപ്രതിനിധി ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ പോലും ഇത്രയും പണം പാലാ മണ്ഡലത്തിന്‌ അനുവദിച്ചിട്ടില്ല. 
വികസനകാര്യത്തിൽ യുഡിഎഫ‌് സർക്കാരുകളാണ‌് വിവേചനം കാട്ടാറുള്ളത‌്. പിണറായി സർക്കാർ അതിൽ നിന്നും വ്യത്യസ‌്തമാണ‌്. പാലായിൽ മികച്ച വികസനം  ഉറപ്പാക്കാൻ എൽഡിഎഫ‌് സർക്കാരിന്റെ പ്രതിനിധിയായി മാണി സി കാപ്പനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top