17 September Tuesday

പാലാ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 

പാലാ 
കനത്തമഴയിൽ മീനച്ചിലാറും ളാലംതോടും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് മീനച്ചിലാറ്റിലേയും പോഷകനദിയായ ളാലം തോട്ടിലെയും ജലനിരപ്പ് ഉയർന്നത്. ബുധനാഴ‌്ച പുലർച്ചെ നാലോടെ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന‌് ഏറ്റുമാനൂർ‐ പൂഞ്ഞാർ സംസ്ഥാന പാതയിലെ പലയിടങ്ങളിലും റോഡിൽ വെള്ളം കയറി. പാലാ‐ഈരാറ്റുപേട്ട റൂട്ടിൽ ഉച്ചവരെ ഗതാഗതം തടസപ്പെട്ടു. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങി. 
പന്ത്രണ്ടാംമൈൽ, പന്തത്തല മേഖലയിലും നഗരത്തിൽ മാർക്കറ്റ് ഭാഗങ്ങളിലെ വീടുകളിലും ളാലം ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിലും വെള്ളം കയറി. കൊട്ടാരമറ്റം ബസ് ടെർമിനലിലും ജലനിരപ്പ് ഉയർന്നു. പുലിയന്നൂർ പാടശേഖരത്തിലും കൃഷിയിടങ്ങളിലും വെള്ളം കയറി.  കൊട്ടാരമറ്റം, മൂന്നാനി, പനയ്ക്കപ്പാലം, ഇടപ്പാടി, ചേർപ്പുങ്കൽ ഇൻഡ്യാർ ഭാഗങ്ങളിലാണ‌്  വെള്ളം കയറിയത‌്. പാലാ കൊടുങ്ങൂർ റൂട്ടിൽ മുത്തോലി ബ്രില്യന്റ‌് ഭാഗത്ത‌് റോഡിൽ വെള്ളക്കെട്ട‌് ഉണ്ടായി. ചേർപ്പുങ്കൽ‐ മരങ്ങാട്ടുപിള്ളി റോഡ‌്, വള്ളീച്ചിറ‐പുലിയന്നൂർ, പാല‐കോഴാ റോഡിലെ മണലേൽപാലം എന്നിവിടങ്ങളിലും വെള്ളം കയറി.പാലാ സർക്കാർ ഹൈസ്‌കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top