26 August Monday

കുമരകം പക്ഷിസങ്കേതത്തിൽ വർണക്കൊക്കുകളുടെ ചിറകടി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കുമരകം പക്ഷി സങ്കേതത്തിൽ കൂട് കൂട്ടുന്ന വർണക്കൊക്കുകൾ

കോട്ടയം
ജലാശയങ്ങളുമായി കൂട്ടുകൂടുന്ന നീർപക്ഷികളുടെ താവളമായ കുമരകം പക്ഷിസങ്കേതത്തിലിപ്പോൾ വർണക്കൊക്കുകളുടെ ചിറകടി. കേരളത്തിൽ വർണക്കൊക്കുകൾ കൂടുവയ‌്ക്കുന്ന ഏകകേന്ദ്രമാണ‌് കുമരകം പക്ഷിസങ്കേതം. പെലിക്കൺ (പുള്ളിച്ചുണ്ടൻ കൊതുമ്പന്നം), കഷണ്ടി കൊക്ക‌് (ബ്ലാക്ക‌് ഹെഡഡ‌് ഐബിസ‌്), ചേരക്കോഴി എന്നിവയുടെ കൂടൊരുക്കലും കുമരകത്തിന‌്മാത്രം സ്വന്തം.
ചായമുണ്ടി, പാതിരാകൊക്ക്, പെരുമുണ്ടി, ചേരക്കോഴി, കിന്നരി നീർക്കാക്ക, ചെറിയ നീർകാക്ക, ചിന്നകൊക്ക് തുടങ്ങി പക്ഷികളിലെ കേമന്മാരും കൂടൊരുക്കിയും മുട്ടയിട്ടും ചിറകടിച്ച‌ുയർന്നതിനു പിന്നാലെയാണ‌് വർണക്കൊക്കുകളുടെ രംഗപ്രവേശം. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്  സംസ്ഥാനങ്ങളിൽനിന്നു വിരുന്നു വന്നവരാണിതെന്ന‌് പ്രമുഖ പക്ഷിനിരീക്ഷകൻ ഡോ. ബി ശ്രീകുമാർ പറഞ്ഞു. നിവർന്നുനിന്നാൽ ഈ കൊക്കുകൾക്ക് ഒരു മീറ്ററോളം ഉയരം വരും. കഴുത്തിനു വെളുപ്പും ചിറകുകൾക്ക് കറുപ്പും പിൻഭാഗത്ത് പിങ്ക് നിറവുമാണ് സവിശേഷത. ഉയർന്ന മരച്ചില്ലകളിലായി നിലവിൽ നാൽപ്പതിലേറെ കൂടുകൾ ഒരുക്കിയിട്ടുണ്ട‌്. കൂട് വളരെ ഉയരത്തിലായതിനാൽ പക്ഷികൾ മുട്ടയിട്ട് അടയിരിക്കുന്നുണ്ടോയെന്ന‌് വ്യക്തമല്ല.  ഫെബ്രുവരി മുതൽ നവംബർ വരെയാണ് മിക്കവാറും നീർപക്ഷികളുടെ കൂടൊരുക്കൽ. അതുകൊണ്ട‌് പക്ഷിനിരീക്ഷണത്തിൽ താല്പര്യമുള്ളവർക്കും കാഴ‌്ചകളേറെ. മറ്റു ജലപക്ഷികളുമായി ചേർന്ന് കൂട്ടമായി പ്രജനനം നടത്തുന്നതാണ‌് പെലിക്കണിന്റെ രീതി. ജലാശയത്തിനടുത്തുള്ള ചെറിയ മരങ്ങളിൽ കൂടുകാണാം.  
88 തരം പക്ഷികൾ സങ്കേതത്തിനുള്ളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. അതിരാവിലെയാണ‌് പക്ഷികളെ കാണാവുന്ന നല്ല സമയം. പക്ഷിനിരീക്ഷണത്തിനായി നിർമിച്ച വാച്ച‌് ടവറിൽ എത്തണമെങ്കിൽ രണ്ടു കിലോമീറ്റർ നടക്കണം. രാവിലെ ആറുമുതലാണ് പ്രവേശനം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. മണിക്കൂറിന‌് 650 രൂപ പ്രകാരം മോട്ടോർബോട്ടും 1200 രൂപക്ക‌് സ‌്പീഡ‌് ബോട്ട‌്സൗകര്യവും ലഭിക്കും. ബ്രിട്ടീഷ‌് ഭരണത്തിൽ ബേക്കർ സായ‌്പിന്റെ കൈവശമിരുന്ന ഈ സ്ഥലം പിന്നീട‌് കേരള സർക്കാരിന്റെ കീഴിലായി. ഇപ്പോൾ കെടിഡിസിക്കാണ‌് നടത്തിപ്പ‌് ചുമതല. മൂന്നു ടവറുകളിൽ ഇപ്പോൾ രണ്ടെണ്ണത്തിൽ പ്രവേശനംഇല്ല. പക്ഷികളെക്കുറിച്ചുള്ള സൈൻബോർഡുകളുണ്ടെങ്കിൽ സന്ദർശകർക്ക‌് കൃത്യമായ അറിവിനും ഉപകരിക്കും.
 
 
 
പ്രധാന വാർത്തകൾ
 Top