22 June Tuesday

അതിഥി തൊഴിലാളികള്‍ക്ക് കരുതലായി തൊഴില്‍ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 കോവിഡ് വ്യാപനത്തെത്തുടർന്ന്‌ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ   അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തൊഴിൽ വകുപ്പ് ഊർജിതമാക്കി. അവധി ദിവസങ്ങളിൽ ഉൾപ്പെടെ സൗജന്യ ഭക്ഷ്യ ക്കിറ്റ് വിതരണവും കോവിഡ് പ്രതിരോധ ബോധവൽകരണവും നടത്തുന്നു. നിലവിലെ കണക്കു പ്രകാരം ജില്ലയിൽ ആകെ 7402 അതിഥി തൊഴിലാളികളുണ്ട്. ഇതുവരെ 2250 ഭക്ഷ്യക്കിറ്റുകൾ ഇവർക്ക് വിതരണം ചെയ്തു. ഒരു തൊഴിലാളിക്ക് ഒരു കിറ്റ് വീതമാണ് നൽകുന്നത്. ഇവർക്ക്‌ വിതരണം ചെയ്യുന്നതിനായി ഇതുവരെ 5000 കിറ്റുകളാണ് ജില്ലയ്ക്ക് അനുവദിച്ചത്. 

താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിൽ കിറ്റ് തയ്യാറാകുന്ന മുറയ്ക്ക് അസി. ലേബർ ഓഫീസർമാരുടെയും റവന്യൂ, തദ്ദേശ വകുപ്പ് പ്രതിനിധികളുടെയും നേതൃത്വത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് കിറ്റ്‌ എത്തിച്ചുനൽകും. കോവിഡ് ബാധിതരാകുന്ന തൊഴിലാളികളുടെ ഐസൊലേഷൻ ക്രമീകരണവും  പരിചരണവും ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. പായിപ്പാട് മേഖലയിൽ രോഗം ബാധിച്ചവരെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കങ്ങഴയിൽ കോവിഡ് സ്ഥിരീകരിച്ച പത്ത് പേർക്ക്  പഞ്ചായത്ത് മുൻകൈ എടുത്ത് പ്രത്യേക താമസസ്ഥലം സജ്ജമാക്കി. ഇവർക്കുള്ള കിറ്റുകൾ തൊഴിൽ വകുപ്പിൽനിന്ന് എത്തിച്ചുനൽകി. 
 ഉദ്യോഗസ്ഥർ അതിഥി തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് വിവര ശേഖരണവും കോവിഡ് പ്രതിരോധ ബോധവൽകരണവും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തുന്നു.  ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങിയ ഭാഷകളിൽ തയ്യാറാക്കിയ ബോധവൽകരണ ലഘുലേഖകളും നൽകുന്നുണ്ട്. ഇതിനു പുറമെ സാമൂഹ്യ മാധ്യമങ്ങൾ മുഖേനയും ബോധവൽകരണം നടത്തുന്നു. 
അടിയന്തര സാഹചര്യത്തിൽ സഹായം തേടുന്നതിന് തൊഴിലാളികൾക്ക്  ജില്ലാ ലേബർ ഓഫീസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഇതിനു പുറമെ പായിപ്പാട് ഫെസിലിറ്റേഷൻ സെന്ററും സജ്ജമാക്കി.
ഡെപ്യൂട്ടി ലേബർ കമീഷണർ സതീഷ് കുമാർ, ജില്ലാ ലേബർ ഓഫീസർമാരായ പി ജി വിനോദ് കുമാർ, വി ബി ബിജു എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷയായ ജില്ലാതല മോണിട്ടറിങ്‌ സമിതിയുമുണ്ട്.
തൊഴിൽ വകുപ്പ് ഹെൽപ്പ്‌ലൈൻ നമ്പരുകൾ: കൺട്രോൾ റൂം 9496007105, ഫെസിലിറ്റേഷൻ സെന്റർ -9961040787

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top