21 April Sunday

അബിയോണ നൽകി; ജീവന്റെ വിലയുള്ള മുത്തം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 പുതുപ്പള്ളി

ജീവൻ രക്ഷിച്ച ജനനേതാവിന് റോസാപ്പൂവുമായൊരു കുരുന്ന‌്. പിന്നെ പുഞ്ചിരിതൂകി ഒരു മുത്തം നൽകുവാനും അവൾ മറന്നില്ല. കുഞ്ഞികൈയിൽ പൂവുമായി പറയകുന്നിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ  അബിയോണയെ വി എൻ വാസവൻ കൈകളിൽ എടുത്തപ്പോഴായിരുന്നു ഈ സ്നേഹപ്രകടനം. കോത്തല പറയകുന്ന് സ്വദേശി ബിജോയിയുടെയും ഗീതുവിന്റെയും മകൾ ആറുവയസ്സുകാരി അബിയോണ ബിജോയിയാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനെ സ്വീകരിക്കാൻ എത്തിയത്. 
ഒരുവർഷം മുമ്പ് അബിയോണക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയശസ്ത്രക്രിയയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് വി എൻ വാസവൻ ആയിരുന്നു. അഞ്ചാമത്തെ വയസ്സിലാണ് കുട്ടിക്ക് ഹൃദയത്തിൽ ദ്വാരം ഉള്ള വിവരം അറിയുന്നത്. വി എൻ വാസവനെ സമീപിച്ചതിനെ തുടർന്ന‌് കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ  തൊറാസിക് സർജൻ ഡോ. ജയകുമാറിനെ  ബന്ധപ്പെട്ട് ഓപ്പറേഷൻ വേഗത്തിൽ നടത്തണമെന്ന് അഭ്യർഥിച്ചു. താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ഓപ്പറേഷനുള്ള സഹായവും നൽകി. മൂന്നുലക്ഷം രൂപ ചെലവ് വരുന്നതായിരുന്നു ഓപ്പറേഷൻ. വാസവൻ എംഎൽഎ ആയിരിക്കുമ്പോഴാണ് 18 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി താലോലം എന്ന പദ്ധതി തന്നെ ആവിഷ്കരിച്ച്  നടപ്പിലാക്കുന്നത്. 2018 ഏപ്രിലിൽ ആണ് ഓപ്പറേഷൻ നടന്നത്. കുട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. കുട്ടിയുടെ പുഞ്ചിരിക്ക‌് നന്ദിപറയേണ്ടത് ഡോ. ജയകുമാറിനും വി എൻ വാസവനുമാണെന്ന് മാതാപിതാക്കൾ പറഞ്ഞു. പുതുപ്പള്ളിയിൽ ഞായറാഴ്ച നടന്ന രണ്ടാംഘട്ട സ്വീകരണത്തിൽ നിരവധി പോയിന്റുകളിൽ വി എൻ വാസവൻ ചികിത്സാസഹായം നൽകിയവർ  അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top