30 May Saturday
റിട്ട. പ്രിൻസിപ്പലിന്റെ മകൾക്ക്‌ വിവാഹം ശരിയാക്കാൻ വാഗ്‌ദാനം

68 ലക്ഷം രൂപയും സ്വർണവും തട്ടിയ യുവാവും യുവതിയും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 

 
കോട്ടയം
മകൾക്ക്‌ വിവാഹം ശരിയാക്കിക്കൊടുക്കാമെന്ന്‌ വാഗ്‌ദാനം നൽകി റിട്ടയേർഡ്‌ പ്രിൻസിപ്പലിന്റെ കൈയിൽനിന്ന്‌ 68 ലക്ഷം രൂപയും 16 ലക്ഷം രൂപയുടെ സ്വർണവും കൈക്കലാക്കിയ യുവാവും യുവതിയും അറസ്‌റ്റിൽ. പുല്ലരിക്കുന്നിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന കൊട്ടാരക്കര തൃക്കുന്നമംഗലം അജോയ്‌ വില്ലയിൽ ബിജോയ്‌(39) ഒപ്പം താമസിക്കുന്ന ഷൈനി(47) എന്നിവരെയാണ്‌ കോട്ടയം ഡിവൈഎസ്‌പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. 
  കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മുട്ടമ്പലം എട്ടുവീട്ടിൽ മേരി വിജയന്റെ പരാതിയിലാണ്‌ അറസ്റ്റ്‌. കോട്ടയത്ത്‌ ധ്യാനച്ചടങ്ങിനിടെ അധ്യാപികയുമായി പരിചയത്തിലായ ഷൈനി സൗഹൃദം വളർത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നെന്ന്‌ ഈസ്‌റ്റ്‌ പൊലീസ്‌ പറഞ്ഞു. മകൾക്ക്‌ വിദേശത്ത്‌ ഉന്നതജോലി ചെയ്യുന്നറോബിൻ എന്നയാളുമായി വിവാഹം തരപ്പെടുത്തി നൽകാമെന്ന്‌ പറഞ്ഞ്‌ പലപ്പോഴായി പണം വാങ്ങുകയായിരുന്നത്രേ. അധ്യാപിക തന്നെയാണ്‌ പലപ്പോഴായി ലക്ഷങ്ങൾ പിൻവലിച്ച്‌ നൽകിയത്‌. കൂടാതെ നഗരത്തിലെ ജ്വല്ലറികളിൽനിന്ന്‌ അധ്യാപിക വാങ്ങിയ 16 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും സ്വർണ നാണയങ്ങളും ഷൈനി കൈക്കലാക്കിയെന്ന്‌ പൊലീസ്‌ പറയുന്നു. വിവാഹം നടക്കാതെ വന്നതോടെയാണ്‌ അധ്യാപിക കഴിഞ്ഞ മാസം പരാതി നൽകിയത്‌. റോബിൻ എന്നത്‌ ഷൈനി ഉണ്ടാക്കിയ സാങ്കൽപ്പിക കഥാപാത്രമായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. 
 ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശാനുസരണം മൊബൈൽ ടവർ ലൊക്കേഷൻ തെരഞ്ഞാണ്‌ പ്രതികളെ പിടികൂടിയത്‌. ഷൈനിയുടെ പേരിൽ പുല്ലരിക്കുന്നിലുള്ള മറ്റൊരു സ്‌ത്രീ നൽകിയ പരാതി അന്വേഷിച്ചെത്തിയപ്പോഴാണ്‌ പ്രതികൾ വലയിലായത്‌. 
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ്‌ പറഞ്ഞു. പ്രതികളെ ഞായറാഴ്‌ച തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top