25 May Monday

ആധിവേണ്ട; 16 സാമ്പിളും നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 കോട്ടയം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽനിന്ന് അയച്ച 16 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവ്‌. വേറെ എട്ട് സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയയ്‌ച്ചു.   
മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി ലിനോയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിട്ടയച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ അച്ഛന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഈ യുവാവിന് കഴിഞ്ഞിരുന്നില്ല. ലിനോ ഹോം ക്വാറന്റയിനിൽ തുടരും. 
ദുബൈയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയായ യുവാവിനെ രോഗബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മെഡിക്കൽകോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. നിലവിൽ 11 പേരാണ് ഇത്തരത്തിൽ ആശുപത്രിയിൽ കഴിയുന്നത്‌.  
വീടുകളിൽ 1,107പേർ
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും ഉൾപ്പെടെ 56 പേർക്കുകൂടി ആരോഗ്യ വകുപ്പ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. ഇതോടെ ജില്ലയിൽ ജനസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവരുടെ എണ്ണം 1,107 ആയി. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ(പ്രൈമറി കോൺടാക്ട്സ്) 15 പേരെയും പ്രൈമറി കോൺടാക്ടുകളുമായി ഇടപഴകിയ 30 പേരെയും ശനിയാഴ്‌ച കണ്ടെത്തിയിട്ടുണ്ട്.  
കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകളായി 127 പേരെയും സെക്കൻഡറി കോൺടാക്ടുകളായി 457 പേരുമുണ്ട്‌. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ യാത്രയുമായി ബന്ധപ്പെട്ട ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് കോൾ സെന്ററിലേക്ക് 53 പേർ വിളിച്ചു.
 
 
പ്രധാന വാർത്തകൾ
 Top