26 January Wednesday

മതരാഷ്‌ട്രീയത്തിലേക്കുള്ള വളർച്ച 
ഇന്ത്യക്ക്‌ ആപത്ത്‌:- മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

 കോട്ടയം

മതരാഷ്‌ട്രീയം എങ്ങനെ പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ ഇന്ത്യയുടെ ഭാവി നിലനിൽക്കുന്നതെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌  ‘മതരാഷ്‌ട്രീയവും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തിൽ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 മതരാഷ്ട്രീയത്തിലേക്കുള്ള വളർച്ച ഇന്ത്യയെന്ന ആശയത്തിന്റെ അവസാനമാണ്‌.  മതരാഷ്‌ട്രീയത്തിലേക്കുള്ള പ്രയാണം ജനാധിപത്യത്തിൽനിന്ന്‌ ഏകാധിപത്യത്തിലേക്കുള്ള കുതിപ്പാണ്‌. മുഴുവൻ മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി ഈ അപകടത്തെ പ്രതിരോധിക്കണം. പ്രധാന രാഷ്‌ട്രീയ പാർടികൾക്കും ഇതേറ്റെടുക്കേണ്ട കടമയുണ്ട്‌. എന്നാൽ, കോൺഗ്രസിന്‌ വിരുദ്ധനിലപാടാണ്‌. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന്‌ രാഹുൽഗാന്ധി പ്രഖ്യാപിച്ചു. ഇതിലൂടെ  പൂർണമായും ‘ഹിന്ദുത്വ’മെന്ന പ്രയോഗമാണ്‌ അദ്ദേഹം നടത്തിയത്‌.  
ബിജെപിക്ക്‌ വളരാൻ അവസരം ഒരുക്കിയത്‌ കോൺഗ്രസാണ്‌. ‘വർഗീയതക്കെതിരാണോ, മതനിരപേക്ഷതയ്‌ക്ക്‌ ഒപ്പമാണോ’ എന്ന ചോദ്യം ഉയർത്തി പാർലമെന്റിൽ ഒരിക്കൽ മാത്രമാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. അത്‌ അയോധ്യാ രഥയാത്ര തടഞ്ഞതോടെ ഭൂരിപക്ഷം നഷ്ടമായ വിപി സിങ്‌ മന്ത്രിസഭയുടെ വിശ്വാസവോട്ടെടുപ്പായിരുന്നു. അന്ന്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ഒപ്പം നിന്നു. പിന്നീട്‌ അഴിമതിയിൽ മുങ്ങിയ കോൺഗ്രസ്‌ ഭരണം 2014ൽ മോദി ഭരണത്തിനും അവസരമൊരുക്കി.
ശക്തമായ മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ചെങ്കിലേ തീവ്രഹിന്ദുത്വത്തെ നേരിടാനാവൂ. മതവിശ്വാസത്തിന്റെ രാഷ്‌ട്രീയപ്രയോഗമാണ്‌ വർഗീയത. മതരാഷ്‌ട്രത്തിലേക്കുള്ള പ്രയാണത്തെ  മതവിശ്വാസികൾ കൂടി ചേർന്നാണ്‌ തടയേണ്ടത്‌. ന്യൂനപക്ഷ വർഗീയതയും ഭീകരവാദവും ഭൂരിപക്ഷവർഗീയതയെ  ശക്തിപ്പെടുത്തും. കേരളത്തിൽ ചില അപകടങ്ങൾ കാണുന്നുണ്ട്‌. ഒരു മതത്തിൽപ്പെട്ട സംഘടനകളുടെ യോഗം മുസ്ലിംലീഗ്‌ വിളിക്കുന്നു. മുസ്ലിംലീഗിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌. ലീഗിന്റെ വിധേയത്വ പാർടിയായി കോൺഗ്രസ്‌ മാറുന്നത്‌   വർഗീയവൽക്കരണ പ്രക്രിയ  ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കൂ – -പി രാജീവ്‌ പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷനായി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി.  ഡോ. മ്യൂസ്‌ മേരി ജോർജ്‌, ചിന്ത പബ്ലിഷിങ്‌ കമ്പനി പ്രതിനിധി കെ എസ്‌ രഞ്‌ജിത്‌, അഡ്വ. റജി സഖറിയ, അഡ്വ. കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top