24 January Friday
റെയിൽപ്പാത ഇരട്ടിപ്പിക്കൽ

അതിവേഗ ട്രാക്കിൽ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിനടിയിലൂടെ കടന്നു വരുന്ന ട്രെയിൻ. പാതയിരട്ടിപ്പിക്കലിനായി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതും കാണാം

 കോട്ടയം 

റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നു. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്ററിലാണ്‌ രണ്ടാംപാത നിർമാണം. ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള ഒമ്പത്‌ കിലോമീറ്ററിൽ കൊടൂരാറിനു കുറുകെ ഒരു പാലവും മൂന്നു ഓവർ ബ്രിഡ്‌ജുകളും നിർമിക്കാനുണ്ട്‌. റെയിൽവേയ്‌ക്ക്‌ കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങി. ഗുഡ്ഷെഡ് റോഡിന്റെ എതിർവശത്തായി സ്ഥലം ഏറ്റെടുത്ത ഭാഗത്തെ വലിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. 
കൊടൂരാറിനു കുറുകെ 600 മീറ്റർ നീളത്തിലാണ്‌ പാലം പണിയുക. 30 കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയിരിക്കുന്നത്‌. 12 മാസംകൊണ്ട്‌ പാലം പണി പൂർത്തിയാക്കി കൈമാറാമെന്നാണ്‌ വ്യവസ്ഥ. ഈ മാസം അവസാനത്തോടെ നിർമാണം ആരംഭിക്കുമെന്ന്‌ റെയിൽവേ എൻജിനിയറിങ്‌ വിഭാഗം അധികൃതർ പറഞ്ഞു. ചിങ്ങവനം–-കോട്ടയം ഭാഗത്ത്‌ അഞ്ച്‌ മേൽപ്പാലങ്ങളിൽ രണ്ടെണ്ണം പൂർത്തിയായി. റബർബോർഡ്‌ ഭാഗം, മുട്ടമ്പലം, പാക്കിൽ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കാനുണ്ട്‌. 
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽനിന്ന് ഗുഡ്ഷെഡ് വഴിയുള്ളഭാഗത്ത്‌ മണ്ണ്‌ നിരപ്പാക്കുന്ന പണി മുന്നേറുകയാണ്. മണ്ണുമാന്തി ഉപയോഗിച്ചാണ്‌ കുന്നിടിക്കുന്നത്‌. തറനിരപ്പാക്കിയശേഷം ഗുഡ്ഷെഡ്റോഡ് മാറ്റിനിർമിക്കും. ഇപ്പോഴുള്ള റോഡിൽ, ഗുഡ്സിന് വന്നുപോകാൻ പാത പണിയും. ഈ ഭാഗത്ത് രണ്ടാം പ്രവേശന കവാടവും ഉണ്ടാകും. ഇവിടെയും പാർക്കിങ് സൗകര്യം ഒരുക്കും. കുറ്റിക്കാട് ക്ഷേത്രത്തിന്റെ ഭാഗത്ത് റെയിൽവേ കലുങ്കുകൾ സ്ഥാപിച്ചു തുടങ്ങി. മുൻകൂട്ടി നിർമിച്ച കലുങ്കിന്റെ ഭാഗങ്ങൾ മണ്ണുമാന്തിയുടെ സഹായത്തോടെ യഥാസ്ഥലത്ത് ഇറക്കിവച്ച് ഉറപ്പിക്കുന്നു. ക്ഷേത്രത്തിന്റെ ഭാഗത്ത് ഇത്തരത്തിലുള്ള നാല്‌ കലുങ്കുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം പൂർത്തിയായി.
ചിങ്ങവനം മുതൽ കൊടൂരാർ പാലം വരെയുള്ള അഞ്ച്‌ കിലോ മീറ്റർ ദൂരം ഒന്നര മാസത്തിനുള്ളിൽ നിരപ്പാക്കി കൈമാറും. മുട്ടമ്പലം ഭാഗത്തു നിന്ന് എടുക്കുന്ന മണ്ണ് ഇതിനായി ഉപയോഗിക്കും. മുട്ടമ്പലം ലെവൽക്രോസ് മുതൽ പ്ലാന്റേഷൻ പാലം വരെയുള്ള പാറയും മണ്ണും നീക്കം ചെയ്തു. പാലം മുതൽ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഒരു കിലോ മീറ്ററിൽ മണ്ണും പാറയും നീക്കം ചെയ്യാനുണ്ട്‌.  മുട്ടമ്പലം കോളനിയിലെ കെട്ടിടങ്ങളും പൊളിക്കാനുണ്ട്‌.  കൊടൂരാർ പാലം മുതൽ പാക്കിൽ വരെയുള്ള സ്ഥലത്തെ 1.6 കിലോമീറ്റർ ദൂരത്തിൽ അടിത്തറ ബലപ്പെടുത്തിയ ശേഷം പാളം സ്ഥാപിക്കും. കെകെ റോഡിൽ പുതുതായി നിർമിച്ച പാലത്തിന്റെ അടിയിലെ മണ്ണും പാറയും ഈയാഴ്ച മുതൽ നീക്കിത്തുടങ്ങും.
 
പ്രധാന വാർത്തകൾ
 Top