13 December Friday
എച്ച്‌പി പമ്പുകൾ ഇന്ന്‌ രണ്ടുമുതൽ അഞ്ചുവരെ അടച്ചിടും

പെട്രോൾ പമ്പ്‌ അടച്ച്‌പൂട്ടി; ഉടമ കോടതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

 
കോട്ടയം
എച്ച്‌പിസിഎൽ പ്രതിനിധികളുടെ അവഗണനമൂലമാണ്‌ ‘മണർകാട്‌ ഫ്യൂവൽസ്‌’ പൂട്ടിക്കിടക്കുന്നതെന്ന്‌ പമ്പ്‌ ഉടമ കുരുവിള മാണി (ബെന്നി പാറയിൽ) വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 
എച്ച്‌പിസിഎൽ അധികാരികളുടെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ എച്ച്‌പി പമ്പുകൾ വ്യാഴാഴ്‌ച പകൽ രണ്ട്‌ മുതൽ അഞ്ച്‌ വരെ അടച്ചിടുമെന്ന്‌ ജില്ലാ പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ ഏബ്രഹാം പറഞ്ഞു. 
ബിപിസിഎൽ കമ്പനിയിൽ നിന്നെത്തിയ  ‘മൊബൈൽ ലാബ്‌’ ടീം പരിശോധനയുടെ ഭാഗമായി ഡെൻസിറ്റി രജിസ്‌റ്റർ ചോദിച്ചു. എന്നാൽ പലവക ബുക്കാണ്‌ ജീവനക്കാരി എടുത്ത്‌കൊടുത്തത്‌. ടീമംഗം സ്വരൂപ്‌കുമാർ ആ ബുക്ക്‌ വലിച്ചെറിയുകയും അക്കൗണ്ടന്റ്‌ എത്താൻ വൈകിയതിന്റെ പേരിൽ വിധവയായ ജീവനക്കാരിയുടെ നേരെ ആക്രോശിക്കുകയും ചെയ്‌തുവെന്നും കുരുവിള മാണി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ പമ്പ്‌ പൂട്ടണമെന്നായി ഉദ്യോഗസ്ഥർ. സംഭവവികാസങ്ങളുടെ പേരിൽ ക്ഷമ ചോദിക്കുകയും പമ്പ്‌ പൂട്ടുന്നതിന്‌ പകരം സാമ്പിൾ  എടുത്ത്‌കൊള്ളാൻ ഉടമ സമ്മതിച്ചെങ്കിലും ഇത്‌ വകവയ്‌ക്കാതെ ഉദ്യോഗസ്ഥൻ മെമ്മൊ എഴുതി.  തുടർന്ന്‌ പമ്പ്‌ പൂട്ടാതെ മടങ്ങിയെങ്കിലും റീജണൽ മാനേജർ പഞ്ചാബിയായ സരബ്‌ജിത്‌ സിങ് പമ്പുടമയെ വിളിച്ച്‌ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട്‌ പമ്പ്‌ പൂട്ടിച്ചു. പമ്പ്‌ ആറാം ദിവസമാണ്‌ അടഞ്ഞുകിടക്കുന്നത്‌.  വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ ജൂബി അലക്‌സ്‌, എസ്‌ അനീഷ്‌ എന്നിവർ പങ്കെടുത്തു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top