20 October Wednesday

മഴയില്ലേൽ പൊളിച്ചേനെ

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021

വേമ്പനാട്ടുകായലിൽ സ്പീഡ് ബോട്ടിൽ സവാരിനടത്തുന്നവർ. കുമരകത്തുനിന്നുളള ദൃശ്യം

കോട്ടയം
കോവിഡ്‌ മഹാമാരിക്ക്‌ തെല്ല്‌ ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. തുടർച്ചയായ അവധിദിനങ്ങൾ ഇവിടങ്ങളിലേക്ക്‌ ആളുകളെ ആകർഷിക്കുന്നു. രണ്ട്‌ ദിവസത്തെ പൂജാവധിയാണ്‌ ടൂറിസം സംരംഭകർക്ക്‌ പുതിയ ചാകരക്കോള്‌. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുമരകത്ത്‌ റിസോർട്ടുകളിലെല്ലാം തിരക്കുണ്ട്‌. കായൽസവാരിക്ക്‌ എത്തുന്നവരുടെ ബുക്കിങ്‌ ഹൗസ്‌ബോട്ട്‌ ഉടമകൾക്കും പ്രതീക്ഷയായി. പക്ഷേ തുടർച്ചയായി പെയ്യുന്ന മഴ വില്ലനായെന്നും സംരംഭകർ പറയുന്നു. വെള്ളപ്പൊക്കമുണ്ടാകുമോയെന്ന്‌ വിളിച്ച്‌ ചോദിച്ച്‌ പലരും ബുക്കിങ്‌ റദ്ദാക്കിയതും അവർ പങ്കുവച്ചു. 
കോവിഡില്ലേൽ ആഗസ്‌ത്‌ മുതലായിരുന്നു ടൂറിസം സീസൺ. വള്ളംകളി ഉൾപ്പെടെ ആസ്വാദിക്കാൻ വിദേശികളും എത്തുമായിരുന്നു. ഇപ്പോൾ വിദേശികൾക്ക്‌ ഇന്ത്യയിലേക്ക്‌ വരാൻ അനുമതിയില്ല. നവംബർ പകുതി മുതൽ യാത്രാനുമതിയുള്ളതിനാൽ വിദേശസഞ്ചാരികൾ കൂടി എത്തുന്നതോടെ ടൂറിസം കേന്ദ്രങ്ങളെല്ലാം കൂടുതൽ ഉണർവിലാകും.  
ആഭ്യന്തര ടൂറിസ്റ്റുകളിൽ മലയാളികൾ തന്നെയാണ്‌ സന്ദർശകരിലേറെയും. കോവിഡ്‌ ഭയന്ന്‌ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്ക്‌ വേണ്ടത്രയില്ല. മാസങ്ങളോളം വീടുകളിൽ അടച്ചിരുന്നതിന്റെ മടുപ്പ്‌ ഒഴിവാക്കാനാണ്‌ മലയാളികളുടെ യാത്ര. കുമരകത്ത്‌ മാത്രമല്ല സമീപകേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങിയവിടങ്ങളിലേക്കും സഞ്ചാരികളെത്തുന്നു. 
 കുമരകത്തെ മിക്കവാറും റിസോർട്ടുകൾ പ്രവർത്തിച്ച്‌ തുടങ്ങിയെന്ന്‌ ചേംബർ ഓഫ്‌ വേമ്പനാട്‌ ഹോട്ടൽ ആൻഡ്‌ റിസോർട്‌സ്‌ ജനറൽ സെക്രട്ടറി അരുൺകുമാർ പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയില്ലെങ്കിലും മഴ കനത്താൽ സഞ്ചാരികൾ വരാൻ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി റിസോർട്ടിലും സഞ്ചാരികളുണ്ട്‌. ആകെയുള്ള 40 മുറികളിൽ മുപ്പതും ബുക്ക്‌ ചെയ്‌തു. ഇവിടെ കല്യാണങ്ങൾക്കും ബുക്കിങ്‌ സ്വീകരിക്കുന്നുണ്ട്‌. 120 ഹൗസ്‌ബോട്ടുകളാണ്‌ കുമരകം ജെട്ടി, കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട്‌ എന്നിവിടങ്ങളിൽനിന്ന്‌ പ്രവർത്തിക്കുന്നത്‌. ഒക്‌ടോബർ ആദ്യം മുതൽ ബോട്ടുകൾക്കെല്ലാം ഓട്ടം ലഭിക്കുന്നുണ്ടെന്ന് കൈലാസം ബോട്ടുടമ ഹണി ഗോപാൽ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top