26 October Tuesday
അറുപുറയിലെ ദമ്പതികളുടെ തിരോധാനം

മുട്ടത്തെ പാറക്കുളം വറ്റിച്ച്‌ പരിശോധിക്കാൻ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

മുട്ടത്തെ കാടുപിടിച്ച പാറമടക്കുളം

കോട്ടയം
അറുപുറയിലെ ദമ്പതികളെ കാണാതായ സംഭവത്തിൽ നാട്ടകത്തിന്‌ സമീപമുള്ള മുട്ടത്തെ കാടുമൂടിയ പാറമടക്കുളം വറ്റിച്ച്‌ പരിശോധിക്കാൻ പൊലീസ്‌ നടപടിയാരംഭിച്ചു. കാറുമായി ഇവർ പാറക്കുളത്തിൽ ചാടിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. കാടുപിടിച്ച  പൊട്ടക്കുളത്തിന്റെ പരിസരം വൃത്തിയാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ കോട്ടയം നഗരസഭയ്‌ക്ക്‌ ക്രൈം ബ്രാഞ്ച്‌ കത്ത്‌ നൽകി.
 2017 ഏപ്രിൽ ആറിനാണ്‌ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്‌. വൈകിട്ട്‌ കോട്ടയം ടൗണിലേക്ക്‌ മാരുതി കാറിൽ ഭക്ഷണം വാങ്ങാനെന്ന്‌ പറഞ്ഞ്‌ പോയ ഇവരെ പിന്നീടാരും കണ്ടിട്ടില്ല. കുമരകം വരെയുള്ള ഒട്ടേറെ ജലാശയങ്ങളിൽ പൊലീസ്‌ പരിശോധന നടത്തി. അന്വേഷണത്തിൽ, ഇവർ നാട്ടകം ഭാഗത്തേക്ക്‌ പോയെന്ന സംശയം ഉള്ളതിനാലാണ്‌ പാറക്കുളത്തിൽ പരിശോധിക്കാൻ തീരുമാനിച്ചത്‌. വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന്റെ ഉപരിതലം പുല്ല്‌ മൂടിയ നിലയിലാണ്‌.
കാണാതാകുന്നതിന്‌ മുമ്പുള്ള ദിവസങ്ങളിൽ ഹാഷിമും ഹബീബയും കട്ടപ്പന ഭാഗത്ത്‌ പോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാറമടകൾ അന്വേഷിച്ചാണ്‌ ഇവർ പോയതെന്നാണ്‌ പൊലീസിന്റെ നിഗമനം. 
വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന്‌ ചുറ്റുമതിൽ സ്ഥാപിച്ചിട്ട്‌ അധികമായില്ല. ഏകദേശം നാൽപതടി താഴ്‌ച കണക്കാക്കുന്നു. സംഭവം നടന്ന്‌ നാല്‌ വർഷം കഴിഞ്ഞതിനാൽ കുളത്തിൽ വിശദമായ പരിശോധന നടത്തേണ്ടി വരും. വിസ്‌താരമേറിയ കുളത്തിന്റെ ഉൾഭാഗത്തേക്ക്‌ എത്തുക എളുപ്പമല്ല. ഈ ഭാഗത്ത്‌ വേറെയും പാറമടക്കുളങ്ങളുണ്ട്‌. അവിടെയും പരിശോധന നടത്തിയേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top