07 August Friday
കാസിനോ മോഡൽ ചൂതാട്ട കേന്ദ്രം

ലക്ഷ്യമിട്ടത്‌ അന്തർസംസ്ഥാന റാക്കറ്റ്‌ രൂപീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

മണർകാട്ട്‌ ചീട്ടുകളി സങ്കേതത്തിൽനിന്നും പൊലീസ്‌ പിടിച്ചെടുത്ത മൊബൈൽ ഫോണും പണവും

 കോട്ടയം

മണർകാട് പിടിയിലായ ചീട്ടുകളി സംഘത്തിന്റെ തലവൻ ലക്ഷ്യമിട്ടത്‌ അന്തർസംസ്ഥാന ചീട്ടുകളി റാക്കറ്റ്‌ രൂപീകരിക്കാൻ. പ്രാദേശികമായ ഇത്തരം സംഘങ്ങളെ ഏറെക്കുറെ ബന്ധിപ്പിക്കാനും ഇവർക്കായി. ദിവസവും ലക്ഷങ്ങൾ മറിഞ്ഞ ചൂതാട്ടത്തിനു പിന്നിൽ പലിശ മാഫിയയും ഉണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. ക്ലബ്‌ ഉടമ ബ്ലേഡ്‌ മാഫിയ തലവൻകൂടിയാണ്‌. ചീട്ട്‌ കളിക്കാൻ പണമില്ലാത്തവർക്ക്‌ പലിശയ്‌ക്ക്‌ പണം വാങ്ങാൻ സാഹചര്യമൊരുക്കും. 
 ജില്ലയിലെ പല സമ്പന്നരും മണർകാട്‌ ചൂതാട്ടവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ഇതേ സംഘം തമിഴ്‌നാട്ടിലും ചൂതാട്ടകേന്ദ്രം നടത്തിയതായി സംശയിക്കുന്നു‌. പിടിയിലായവർ പലരും മറ്റു ജില്ലക്കാരാണ്‌. ചൂതാട്ട ശൃംഖല വളരെ വിപുലമാണെന്നാണ്‌ പൊലീസ്‌ നിഗമനം.  
ശനിയാഴ്‌ച രാത്രി പൊലീസ്‌ നടത്തിയ മിന്നൽ പരിശോധനയിൽ 17.83 ലക്ഷം രൂപയും 14 ആഡംബര കാറും പിടിച്ചെടുത്തിരുന്നു. 43 പേർ പിടിയിലായി. 40 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. കളിയിൽ നഷ്ടമുണ്ടാകുന്നവർക്ക്‌‌ എത്ര രൂപ വേണമെങ്കിലും തലവൻ പലിശയ്‌ക്ക്‌ നൽകും. ഇതു കാരണം ബ്ലേഡ്‌ സംഘങ്ങളും ഇവിടവുമായി അടുത്തു. 
സംഘത്തലവന്‌ ഉന്നത ബന്ധങ്ങൾ
ജില്ലയിൽ പല ഉന്നത വ്യക്തികളുമായും ചൂതാട്ട കേന്ദ്രത്തിന്റെ തലവന്‌ ബന്ധമുള്ളതായി പൊലീസിന്‌ വിവരം ലഭിച്ചു. ഇയാളുടെ ഇതരസംസ്ഥാന ബന്ധങ്ങൾ, യാത്രകൾ എന്നിവ സംബന്ധിച്ച്‌ വിശദവിവരങ്ങൾ പൊലീസ്‌ ശേഖരിച്ചു വരികയാണ്‌. ക്ലബ്ബിലേക്ക്‌ പുറത്തുനിന്ന്‌ പൊലീസോ മറ്റുള്ളവരോ എത്താതിരിക്കാൻ കൊലക്കേസ് പ്രതികൾ അടക്കമുള്ള ഗുണ്ടാ സംഘങ്ങളെ കാവൽ നിർത്തിയിരുന്നു. വീട്ടിലെ ആറു മുറികളിലാണു ചീട്ടുകളി നടന്നിരുന്നത്. ദിനംപ്രതി നിരവധി പേർ എത്തിയിരുന്നു. ചില അതിഥികളെ വിഐപിയായി കണക്കാക്കിയിരുന്നു. തലവന്‌ ഒരുദിവസം ഒന്നര മുതൽ രണ്ടു ലക്ഷം വരെയാണ്‌ ലാഭം. കോവിഡ്‌ നിയന്ത്രണ ചട്ടങ്ങളൊന്നും ഇവിടെ പാലിച്ചിരുന്നില്ല.
  കളിക്കിടെ മദ്യവും ഭക്ഷണവുമെല്ലാമായി കാസിനോ മോഡലിലായിരുന്നു പ്രവർത്തനം. മദ്യമെത്തിക്കാൻ പ്രത്യേകം ആളുകളുണ്ട്‌. കളി തോറ്റാലും മദ്യലഹരിയിൽ വീണ്ടും പണം കളത്തിലിറക്കും. പണമില്ലെങ്കിൽ മാല, മോതിരമൊക്കെ സ്വീകരിക്കും. വാഹനങ്ങളുടെ ആർസി ബുക്ക്‌‌ വരെ പണയം വയ്‌ക്കുന്നവരുണ്ട്‌.  
 തലവൻ ഇപ്പോഴും ഒളിവിലാണ്‌. നിരവധി തട്ടിപ്പുകേസിൽ പ്രതിയായ ഇയാൾ 2016 മുതൽ ഗുണ്ടാ പട്ടികയിലുണ്ട്‌. 
സ്ഥലത്തില്ലാത്തപ്പോൾ "മേശക്കണക്ക്'‌
ക്ലബ്ബിന്റെ ഉടമയായ ചൂതാട്ടത്തലവൻ എല്ലാ ദിവസവും ചീട്ടുകളി സഭയിൽ ഉണ്ടാകാറില്ല. ആ സമയത്ത്‌ ഇയാൾക്ക്‌ വേണ്ടി ശിങ്കിടികളാണ്‌ കരുക്കൾ നീക്കുന്നത്‌.
 കളിയിലെ "മേശ'യുടെ കണക്കനുസരിച്ച്‌ ഇയാൾക്ക്‌ പണം ലഭിക്കും. ശനിയാഴ്‌ച പൊലീസ്‌ റെയ്‌ഡ്‌ നടത്തുമ്പോഴും ഇയാൾ ഉണ്ടായിരുന്നില്ല.
   സുരക്ഷയ്‌ക്ക്‌ ആധുനിക സിസിടിവി വരെ വച്ചിരുന്നു.ചൂതാട്ടത്തിലൂടെ ഭൂമി വരെ ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്‌. ലഭിക്കുന്ന ഭൂമിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങും. മറ്റിടങ്ങളിലും ഇയാൾ ബിനാമി പേരിൽ ക്ലബ്ബുകൾ നടത്തുന്നതായി സംശയിക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top