15 May Saturday

പൊൻകണിയൊരുക്കും മുത്തശ്ശി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

കൂരാലി പുതുപ്പള്ളാട്ട് വീട്ടുവളപ്പിലെ കൂറ്റൻ കൊന്നമരം നിറയെ 
പൂത്തപ്പോൾ

പൊൻകുന്നം
പ്രായംകൊണ്ടും വലിപ്പംകൊണ്ടും പ്രകൃതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയും പ്രീതിനേടിയ കണിക്കൊന്നമുത്തശ്ശിയുടെ ചില്ലകൾ നിറയെ സ്വർണവർണത്തിലുള്ള പൂക്കൾ. ചുവട്ടിലാകെ പൂക്കൾ കൊഴിച്ചിട്ട് പരവതാനി വിരിച്ചപോൽ. കൂരാലി പുതുപ്പള്ളാട്ട് മോഹൻകുമാറിന്റെ വീട്ടിലെ കണിക്കൊന്നമുത്തശ്ശിയുടെ കണിക്കാഴ്ചയ്ക്ക് ഇക്കുറി അപൂർവതകളേറെ.
  മുൻവർഷങ്ങളിൽ വിഷുവിനുമുന്നേ പൂവിട്ട് വിഷുക്കാലത്ത് പൂവില്ലാത്ത നിലയിലായിരുന്നു ഈ മരം. പക്ഷേ ഇത്തവണ കാലംതെറ്റി പൂക്കാതെ വിഷുവിന് കണിയാകാൻ തീരുമാനിച്ചുറപ്പിച്ചതുപോലെ ഏപ്രിൽ ആദ്യവാരം പൂവിട്ടുതുടങ്ങി. ആദ്യഘട്ടത്തിൽ വിരിഞ്ഞ പൂക്കൾ ചുവട്ടിൽ കൊഴിച്ചിട്ടെങ്കിലും പിന്നെയും പൂങ്കുലകൾ വിരിഞ്ഞു.
       വീട്ടുമുറ്റത്തോടുചേർന്ന് തലമുറകൾക്ക് കാഴ്ചയൊരുക്കിയ കണിക്കൊന്ന മുത്തശ്ശിയെ തറകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ ഏറ്റവും വലിയ കൊന്നമരമാണിത്. 75 അടിയോളം ഉയരമുള്ള വൃക്ഷത്തിന് 78 ഇഞ്ച് വണ്ണമുണ്ട്. വലുപ്പംകൊണ്ടും പ്രായംകൊണ്ടും വേറിട്ട ഈ മരത്തിനെ പ്രകൃതിസ്‌നേഹികൾ മുൻപ് ആദരിച്ചിരുന്നു. അപൂർവ കണിക്കൊന്നമരത്തിനെ കുറിച്ചറിഞ്ഞ് സസ്യശാസ്ത്രജ്ഞരും സന്ദർശിച്ചിരുന്നു. അവരാണ് ഇരുനൂറുവർഷമെങ്കിലും പ്രായം മരത്തിന് കണക്കാക്കിയത്. ഇത്തവണ മാർച്ചിൽ ചൂടുകൂടിയതാവാം കൃത്യസമയത്ത് കൊന്ന പൂത്ത് വിഷുവിനും പൂവുള്ള നിലയിലായതെന്നാണ് പരിസ്ഥിതി പ്രവർത്തകർ കരുതുന്നത്.
     ചൂട് കൂടിയ കാലാവസ്ഥയിൽ കൊന്നയിൽ പൂവിടുന്നതിന് സഹായിക്കുന്ന ഫ്‌ളോറിജൻ കൂടുതലായുണ്ടാവും. ജനുവരി, ഫെബ്രുവരി മാസത്തിൽ ചൂട് കൂടുതലാകുന്ന കാലത്താണ് നേരത്തെ തന്നെ കൊന്ന പൂവിടുകയും വിഷുവാകുമ്പോഴേക്ക് പൂവില്ലാത്ത നിലയിലാവുകയും ചെയ്തിരുന്നത്. ഇത്തവണ മിക്ക പ്രദേശത്തും വിഷുവിന് സമൃദ്ധമായി പൂവുള്ള നിലയിലാണ് കൊന്നകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top