20 November Wednesday

അറിവിൻമുറ്റത്തെ അക്ഷരനക്ഷത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

ചെങ്ങളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മത്സരത്തിൽനിന്ന്‌

 കോട്ടയം

വിജ്ഞാനത്തിന്റെ വാതായനം തുറന്ന്‌ കുട്ടികൾ, ആഘോഷമായി ‘അക്ഷരമുറ്റം’. കണ്ടറിഞ്ഞും തൊട്ടറിഞ്ഞും നിരീക്ഷിച്ചുമെല്ലാം അറിവിനെ മനപ്പായസമാക്കിയ പ്രതിഭകൾ ഒഡീസിയ– -ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ ആഘോഷപ്പൊലിമയിൽ ഒത്തുചേർന്നു. ശനിയാഴ്‌ച ജില്ലയിലെ 13 കേന്ദ്രങ്ങളിലായി നടന്ന ഉപജില്ലാ മത്സരത്തിൽ മത്സരപരീക്ഷകളുടെ പിരിമുറുക്കമില്ലാതെ ആയിരത്തിഅഞ്ഞൂറോളം കുട്ടികൾ മാറ്റുരച്ചു. 
സ്‌കൂളുകൾ അലങ്കരിച്ച്‌ ഉത്സവാന്തരീക്ഷത്തിലായിരുന്നു മത്സരത്തിന്റെ അരങ്ങുണർത്തിയത്‌. രാവിലെ ഒമ്പതോടെ രജിസ്‌ട്രേഷനും തുടർന്ന്‌ ഉദ്‌ഘാടനസമ്മേളനവും ചേർന്നു. പത്തരയോടെ മത്സരം ആരംഭിച്ചു. ആകെ 20 ചോദ്യങ്ങൾ. മുന്നിലെത്തിയവർക്ക്‌ ഒരേമാർക്ക്‌ വന്നാൽ വിജയികളെ കണ്ടെത്താൻ അഞ്ച്‌ ചോദ്യങ്ങൾ കൂടി നൽകിയിരുന്നു. പലയിടത്തും മത്സരം അധികചോദ്യത്തിലേക്ക്‌ നീണ്ടു.  ചിലയിടങ്ങളിൽ ക്ലാസ്‌മുറികളിലെ പ്രൊജക്ടറും സ്‌ക്രീനും ഉപയോഗിച്ചായിരുന്നു മത്സരം.
പങ്കെടുത്തവർക്കെല്ലാം പുസ്‌തകങ്ങളും സമ്മാനമായി നൽകി. എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ്‌ തലങ്ങളിലായി ഒന്നാംസ്ഥാനക്കാർക്ക്‌ ആയിരംരൂപയും രണ്ടാംസ്ഥാനക്കാർക്ക്‌ 750 രൂപയും മൂന്നാംസ്ഥാനക്കാർക്ക്‌ 500 രൂപയും നാലാംസ്ഥാനക്കാർക്ക്‌ 250 രൂപയുമായിരുന്നു ക്യാഷ്‌പ്രൈസ്‌. കൂടാതെ മെമന്റോയും സർട്ടിഫിക്കറ്റും നൽകി. ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ ജില്ലാതല മത്സരങ്ങളിലും പങ്കെടുക്കാം.
ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലായി കഴിഞ്ഞമാസം നടന്ന പ്രാഥമിക മത്സരത്തിലെ വിജയികളാണ്‌ ഉപജില്ലയിൽ പങ്കെടുത്തത്‌.
 
പ്രധാന വാർത്തകൾ
 Top