ചങ്ങനാശേരി
കേരളത്തെ തകർത്ത പ്രളയബാധിതരെ സഹായിക്കാൻ ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾക്ക് മാസം തോറും ജന പ്രതിനിധി എന്ന നിലയിൽ കേരള സർക്കാർ നല്കുന്ന ഓണറേറിയത്തിൽ നിന്നും ഒരു രൂപ പോലും നല്‍കില്ലെന്ന് ബിജെപി അംഗങ്ങൾ. കുറിച്ചി പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ ബി ആർ മഞ്ചിഷ്, വത്സല സുകുമാരൻ, പങ്കജാക്ഷൻ എന്നിവരാണ് 20 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ തങ്ങൾക്ക് ലഭിക്കുന്ന ഓണറേറിയത്തിൽ നിന്നും ചില്ലിക്കാശ് ദുരിതബാധിതരുടെ പുനരധിവാസത്തിനായി നല്‍കില്ലെന്നും ഇതിനെ എതിർക്കുമെന്നും പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം കുറിച്ചി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ആകെയുള്ള 20 അംഗങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്, സിഎസ്ഡിഎസ് അംഗങ്ങളിലെ 17 പേരും ഒരു മാസത്തെ മുഴവൻ ഓണറേറിയം നല്‍കുന്നതിന് കമ്മിറ്റിയിൽ സമ്മതം അറിയിച്ചപ്പോഴാണ് ബിജെപിയുടെ ചങ്ങനാശേരി മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മജീഷ് അടക്കമുള്ള മറ്റു രണ്ടങ്ങളും ചില്ലി പൈസാ പോലും നല്‍കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്. ആലപ്പുഴ ജില്ലയിലെ ദുരിതബാധിർക്കായി കുറിച്ചി പഞ്ചായത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വകാര്യ സംഘടനകളും സർക്കാര്യം നല്‍കിവന്ന സഹായങ്ങൾ പിടിച്ചെടുക്കുകയും അത് സേവാഭാരതിയുടെ പേരിൽ വിതരണം ചെയ്യുകയും ചെയ്യതതിന്റെ പേരിൽ മഞ്ചീഷ് അടക്കമുള്ള പഞ്ചായത്തിലെ മറ്റു ബിജെപി അംഗങ്ങളുടെ പേരിൽ നിലവിൽ ആക്ഷേപവും പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരുരൂപ പോലും നല്‍കില്ലെന്ന് ബിജെപി അംഗങ്ങൾ പ്രഖ്യാപിച്ചത്.