22 September Tuesday

ആശങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

 കോട്ടയം 

ജില്ലയിൽ പുതുതായി ലഭിച്ച 1,350 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 76 എണ്ണം പോസിറ്റീവായി. ഇതിൽ 66 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. 10 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. നിലവിൽ 504 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ 1,793 പേർക്ക് രോഗം ബാധിച്ചു. 1,286 പേർ രോഗമുക്തരായി.
ആർപ്പൂക്കര പഞ്ചായത്തിൽ 13 പേർക്ക് സമ്പർക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി -11, വിജയപുരം പഞ്ചായത്ത് ഒമ്പത്‌, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് -ആറുവീതം എന്നിവയാണ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. ജില്ലയിൽ 24 പേർ രോഗമുക്തരായി. 
വിദേശത്തുനിന്ന് വന്ന 97 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 45 പേരും ഉൾപ്പെടെ 254 പേർക്ക് പുതിയതായി ക്വാറന്റൈൻ നിർദേശിച്ചു. 844 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. ജില്ലയിൽ നിലവിൽ 9,515 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഹൃദയാഘാതംമൂലം മരിച്ചയാൾക്ക്‌ കോവിഡ്
വൈക്കം
ഹൃദയാഘാതം മൂലം മരിച്ച പൊതുപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകരും പൊലീസും നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേർ നിരീക്ഷണത്തിൽ. പോസ്റ്റ്‌മോർട്ടത്തിനും സംസ്‌കാരത്തിനും ശേഷം ലഭിച്ച രണ്ടാമത്തെ‌ പരിശോധനാ ഫലമാണ്‌ പോസിറ്റാവായത്‌. 
ഉദയനാപുരം ഇത്തിപ്പുഴ ചാക്കാട്ടിൽ സി ആർ രാജേഷ്(46) ഞായറാഴ്‌ചയാണ്‌ മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ രാജേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനും മറ്റു നടപടികൾക്കുമായി വൈക്കം താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്തിനു രാവിലെ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുത്തു. വൈകിട്ടോടെ നെഗറ്റീവാണെന്ന ഫലം വന്നു. തുടർന്ന്‌ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടിൽ നടന്ന സംസ്‌കാര ചടങ്ങിൽ ജനപ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്തു. 
എന്നാൽ ബുധനാഴ്‌ച രാവിലെയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. ആദ്യം വന്ന നെഗറ്റീവ് ഫലം ട്രൂനാറ്റ് പരിശോധനയുടേതായിരുന്നു. ഒപ്പം നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലമാണ് പോസിറ്റീവായത്. പോസ്റ്റ്‌മോർട്ടം ചെയ്ത താലൂക്ക് ഗവ. ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ഇൻക്വസ്റ്റ് തയ്യാറാക്കിയ ഒരു എസ്ഐയും മൂന്നു സിവിൽ പൊലീസ് ഓഫീസർമാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിലായി. 
സിപിഐ എം പ്രവർത്തകനായിരുന്ന രാജേഷ് കഴിഞ്ഞ ഒമ്പതിന് ചേർന്ന പാർടി ബ്രാഞ്ച്  യോഗത്തിലും പങ്കെടുത്തിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം ചേർന്നതെങ്കിലും രാജേഷിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top