26 September Saturday
6411 ഹെക്ടറിൽ കൃഷിനാശം

74.79 കോടി രൂപയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

 കോട്ടയം

പ്രകൃതിക്ഷോഭത്തിൽ  ജില്ലയിലെ കാർഷികമേഖല നേരിട്ടത് കനത്ത നാശം. ജൂലൈ 27 മുതൽ ആഗസ്‌ത്‌ 11 വരെ 6411 ഹെക്ടറിലെ 74.79 കോടി രൂപയുടെ  നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലിയിരുത്തൽ. 14,308 കർഷകരുടെ വിവിധയിനം കൃഷികൾ വെള്ളത്തിലായി. 2849 ഹെക്ടറിലെ നെൽകൃഷി നശിച്ചതുവഴി 4557 കർഷർക്ക് 42.73 കോടി രൂപയൂടെ നഷ്ടമുണ്ടായി.  കപ്പ- 10918 ഹെക്ടർ, കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ- 2.75 ലക്ഷം, തൈകൾ ഉൾപ്പെടെയുള്ള  തെങ്ങുകൾ -2171,  ജാതി -2526,  റബർ- 7800, കമുക് -516, കുരുമുളക് കൊടികൾ- 827, കാപ്പിച്ചെടികൾ -118, കൊക്കോ -54, ഗ്രാമ്പു -140, പച്ചക്കറികൾ -127 ഹെക്ടർ, ഇഞ്ചി- 10 ഹെക്ടർ,  കിഴങ്ങ് വിളകൾ -36 ഹെക്ടർ, മഞ്ഞൾ - ആറ് ഹെക്ടർ എന്നിങ്ങനെയാണ് വിവിധ കൃഷികൾക്കുണ്ടായ നാശം.
വെറ്റിലക്കൊടി, പ്ലാവ് തുടങ്ങിയവയും നശിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് ജില്ലാ  കൃഷി ഓഫീസർ സലോമി തോമസ് കലക്ടർക്ക് സമർപ്പിച്ചു.
ധനസഹായം നൽകണം–-കർഷകസംഘം
കോട്ടയം‍
 കാലവർഷത്തിൽ മടവീണും പുറംബണ്ട് കവിഞ്ഞും  കൃഷിനാശം നേരിട്ട കർഷകർക്ക്‌ ബണ്ട് സംരക്ഷണ തുകയടക്കമുള്ള സാമ്പത്തിക സഹായം നൽകണമെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽപ്പെടുന്ന വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലായി ആറായിരം ഹെക്ടറോളം പാടശേഖരങ്ങളിലാണ് വിരിപ്പ് കൃഷി ഇറക്കിയത്. ഇതിൽ 2849 ഹെക്ടറിലെ കൃഷി നശിച്ചു. ഒരു മാസത്തിലധികം പ്രായം വരുന്ന നെൽച്ചെടിയാണിത്‌‌. ഓരോ പാടശേഖരത്തിനും പതിനായിരക്കണക്കിന് രൂപ ചെലവാക്കിയാണ് സംരക്ഷണ പ്രവർത്തനം നടത്തിയത്. മടവീണ പാടങ്ങൾക്ക് മടകുത്താനും പുനർകൃഷിയിറക്കാനും ആവശ്യമായ വിത്ത് ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കണമെന്ന്‌ കേരള കർഷകസംഘം ജില്ലാ ഭാരവാഹികളായ അയ്‌മനം ബാബുവും കെ എം രാധാകൃഷ്‌ണനും ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top