10 August Monday
കരകയറാതെ ചങ്ങനാശേരി

കുട്ടനാട്ടിൽനിന്ന് അഭയംതേടി ദുരിതബാധിതർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കുട്ടനാടൻ ഉൾപ്രദേശങ്ങളിൽനിന്ന്‌ ടോറസ് ലോറിയിൽ എത്തിയ ദുരിതബാധിതർ ചങ്ങനാശേരി നഗരത്തിൽ ഇറങ്ങുന്നു

 ചങ്ങനാശേരി

കുട്ടനാട്ടിൽ ജലനിരപ്പ് ഭീതിതമായി ഉയർന്ന ഭാഗത്തെ  നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞ് ചങ്ങനാശേരിയിലേക്ക്‌ എത്തിത്തുടങ്ങി. ബന്ധുവീടുകളും മറ്റു സുരക്ഷിത സ്ഥലങ്ങളും തേടിയാണ്‌ ഇവരെത്തുന്നത്‌. 
തിങ്കളാഴ്ച വൈകിട്ട്‌ പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് കുടുംബങ്ങൾ ചെറുവള്ളങ്ങളിലും ബോട്ടിലും ടോറസ് ലോറികളിലുമായി എത്തി. രാമങ്കരി, കിടങ്ങറ, പുളിങ്കുന്ന്, വെളിയനാട്, മുട്ടാർ, മങ്കൊമ്പ്‌ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിലുള്ളവരാണ് ഇവർ. പുളിങ്കുന്ന് പൊലീസാണ്‌ നേതൃത്വം. നഗരത്തിലെത്തിയവരിൽ ഏറെയും ബന്ധുവീടുകളിലേക്ക് മാറി. വെളിയനാട്, രാമങ്കരി, കിടങ്ങറ ഭാങ്ങളിൽ ഉൾപ്രദേശത്ത് താമസിക്കുന്നവർ മോട്ടോർ വള്ളങ്ങളിലും സർവീസ് ബോട്ടിലുമായി ചങ്ങനാശേരി ബോട്ടുജെട്ടിക്ക് ഒരു കിലോമീറ്റർ ദൂരെയുള്ള വെട്ടിത്തുരുത്ത് പള്ളിക്കടവിലും ഓടേറ്റി പാടശേഖരത്തിനടുത്തുള്ള കടവിലും എത്തി.
വെള്ളപൊക്കത്തെ തുടർന്ന് ചങ്ങനാശേരിയിൽ വിവിധ ഭാഗങ്ങളിൽ  27 ദുരിതാശ്വാസ  ക്യാമ്പുകൾ തുറന്നു. നേരത്തെ ഉണ്ടായിരുന്ന 20  ക്യാമ്പുകൾക്ക് പുറമേ തിങ്കളാഴ്ച ഏഴ്  ക്യാമ്പുകൾ ആരംഭിക്കുകയായിരുന്നു. നഗരത്തിന്റെയും പായിപ്പാട്, വാഴപള്ളി, കുറിച്ചി പഞ്ചായത്തുകളുടെയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. രണ്ടു ദിവസമായി മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കിഴക്കൻ വെള്ളം ഒഴുകിയെത്തി എ സി കനാലും പനയാറും നിറഞ്ഞു.  ഇതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുടുതൽ ഉയരുകയാണ്. മനക്കച്ചിറ മുതൽ കിടങ്ങറവരെ എസി റോഡിൽ വെള്ളം മുട്ടോളം എത്തിയതിനാൽ  ചെറുതും വലതുമായ എല്ലാ വാഹനങ്ങളും പൊലീസ് നിരോധിച്ചു.
വെട്ടിത്തുരുത്ത്, പറാൽ കുമരങ്കേരി പാലം, വാഴപള്ളി ഗവ. എച്ച്എസ്എസ് കോയിപ്പുറം, ഗവ. എച്ച്എസ്എസ്  ചങ്ങനാശേരി, വിബിയുപി സ്കൂൾ തൃക്കൊടിത്താനം, എസി റോഡ് പാറക്കൽ കലുങ്ക്, അറുനൂറിൽ പുതുവേൽ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ക്യാമ്പ് ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിലെ 903 കുടുംബങ്ങളിൽനിന്നായി 3459  പേരെ തഹസിൽദാരുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പിലേക്ക് മാറ്റി.
വെള്ളം കയറിയ വീടുകളിൽനിന്നും ഒഴിഞ്ഞുപോവാൻ പല കുടുംബങ്ങളും തയ്യാറാവാത്തത് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. 
ബോട്ടുജെട്ടിക്ക് സമീപം ആസ്മ പാലത്തിനോട് ചേർന്ന് കടയിൽ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളെ പൊലീസും നാട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത തണുപ്പിൽ അവശനായ  വെട്ടിത്തുരുത്ത്  മുട്ടേൽ പുരയിടത്തിൽ ഖാലിദി(75)നെയും ഭാര്യയെയും  ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്യാമ്പുകളിലേക്ക് ആവശ്യമുള്ള വസ്‌തുക്കൾ സർക്കാരിന്റെയും സിപിഐ എമ്മിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. വളർത്തു മൃഗങ്ങളെ  ക്യാമ്പുകളോടു ചേർന്ന് സംരക്ഷിക്കുന്നു. 
ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനായി ചങ്ങനാശേരി  താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം  തുറന്നിട്ടുണ്ട്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top