24 August Saturday
പുരസ‌്കാര തുക ‘വീ കെയർ’ പദ്ധതിക്ക‌്

പി കെ വി പുരസ‌്കാരം മന്ത്രി കെ കെ ശൈലജക്ക‌് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ശൈലജക്ക് മന്ത്രി പി തിലോത്തമൻ നൽകുന്നു. ജോസ് കെ മാണി എംപി, സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ.കെ സുരേഷ് കുറുപ്പ് എംഎൽഎ, ജി വിശ്വനാഥൻ നായർ, മോൻസ് ജോസഫ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, പി കെ ചിത്രഭാനു എന്നിവർ സമീപം

 കോട്ടയം 

ആരോഗ്യമന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തക എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ‌്ചവച്ച കെ കെ ശൈലജക്ക‌് 13ാമത‌് പി കെ വി പുരസ‌്കാരം സമർപ്പിച്ചു. പി കെ വിയുടെ ജന്മനാടായ കിടങ്ങൂരിൽ മന്ത്രി പി തിലോത്തമനിൽനിന്ന‌് കെ കെ ശൈലജ പുരസ‌്കാരം ഏറ്റുവാങ്ങി. 10,001 രൂപയും പ്രശസ‌്തിപത്രവുമാണ‌് നൽകിയത‌്. സമ്മേളനം ഉദ‌്ഘാടനവും മന്ത്രി തിലോത്തമൻ നിർവഹിച്ചു. ഒരേസമയം മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും ഉറച്ച പോരാളിയുമായിരുന്നു പി കെ വി എന്ന‌് മന്ത്രി തിലോത്തമൻ അനുസ‌്മരിച്ചു.
  പി കെ വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ‌്മെന്റ‌് ആൻഡ‌് കൾച്ചറൽ അഫയേഴ‌്സ‌് പ്രസിഡന്റ‌് ജി വിശ്വനാഥൻനായർ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ പി കെ വി സ‌്മാരക പ്രഭാഷണം നടത്തി. ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നതായിരുന്നു വിഷയം. ജൂറി അംഗം കുരീപ്പുഴ ശ്രീകുമാർ പ്രശസ‌്തിപത്രം വായിച്ചു. ജോസ‌് കെ മാണി എംപി മുഖ്യപ്രഭാഷണവും അഡ്വ. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ അനുമോദനപ്രഭാഷണവും നടത്തി. വിദ്യാർഥി സ‌്കോളർഷിപ്പുകൾ മോൻസ‌് ജോസഫ‌് എംഎൽഎയും ചികിത്സാസഹായം കിടങ്ങൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് ഷൈബി മാത്യുവും വിതരണംചെയ‌്തു.  
 
മുൻ എംഎൽഎ വി എൻ വാസവൻ, സിപിഐ നേതാക്കളായ സി കെ ശശിധരൻ, അഡ്വ. പി കെ ചിത്രഭാനു, അഡ്വ. സണ്ണി ഡേവിഡ‌് എന്നിവരും സംസാരിച്ചു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻനായരുടെ പേരിൽ പി കെ വി സെന്റർ ഏർപ്പെടുത്തിയ പുരസ‌്കാരത്തിന‌് പൊതുജനങ്ങളിൽനിന്ന‌് ലഭിച്ച നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ‌് കെ കെ ശൈലജയെ തെരഞ്ഞെടുത്തത‌്. ജസ‌്റ്റിസ‌് എസ‌് എസ‌് സതീശ‌് ചന്ദ്രൻ ചെയർമാനും കവി കുരീപ്പുഴ ശ്രീകുമാർ, മുൻ പിഎസ‌്സി അംഗം യു സുരേഷ‌്കുമാർ എന്നിവർ അംഗങ്ങളും അഡ്വ. പി കെ ചിത്രഭാനു സെക്രട്ടറിയുമായ ജൂറിയാണ‌് പുരസ‌്കാരജേതാവിനെ തെരഞ്ഞെടുത്തത‌്. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ ഒരു അമ്മയുടെ കരുതലോടെ പരിരക്ഷിക്കുകയും പ്രതിസന്ധിഘട്ടങ്ങളിൽ സമചിത്തത കൈവിടാതെ ഭരണപാടവം പ്രകടിപ്പിക്കുകയും ചെയ‌്ത മന്ത്രി, ആദർശനിഷ‌്ഠമായ പൊതുജീവിതത്തിനുടമയായിരുന്ന പി കെ വാസുദേവൻനായരുടെ പേരിലുള്ള പുരസ‌്കാരത്തിന‌് അർഹയായതോടെ പി കെ വി ഒരിക്കൽക്കൂടി ആദരിക്കപ്പെട്ടെന്ന‌് പ്രശസ‌്തിപത്രം ചൂണ്ടിക്കാട്ടി. പുരസ‌്കാരമായി നൽകിയ തുക സർക്കാരിന്റെ ‘വീ കെയർ’ പദ്ധതിക്ക‌് സംഭാവന ചെയ്യുന്നതായി മന്ത്രി ശൈലജ അറിയിച്ചു. ആരോഗ്യകേരളത്തിനുള്ള യഥാർഥ വിഹിതം കേന്ദ്രത്തിൽനിന്ന‌് ലഭിക്കും വിധം കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി ടി തോമസ‌് സ്വാഗതവും വി ആർ ശശികുമാർ നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top