23 August Friday

സല്യൂട്ട‌് സെലിൻ‌‌, ഈ സത്യസന്ധതയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ പൊലീസിന്റെ സാന്നിധ്യത്തിൽ സെലിൻ ഗോപി ഉടമ മേരിക്കുട്ടിക്ക് കൈമാറുന്നു

 രാമപുരം

ഒരു അമ്പതിനായിരം രൂപ കിട്ടിയാൽ തീരാവുന്ന ഒത്തിരി ബുദ്ധിമുട്ടുകൾ സെലിനുണ്ട‌്. പക്ഷേ പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധത കൈവിട്ട‌് ഒരുകാര്യത്തിനും സെലിനെക്കിട്ടില്ല. അതുകൊണ്ടാണ‌് പൂവക്കുളം തേവർകുന്നേൽ മേരിക്കുട്ടിക്ക് തന്റെ കളഞ്ഞുപോയ 50000 തിരികെകിട്ടിയതും.
   വെള്ളിലാപ്പിള്ളി കോളനിയിൽ താമസിക്കുന്ന കണ്ടത്തിൻകര സെലിൻ ഗോപിയ‌്ക്ക‌് റോഡിൽക്കിടന്നാണ‌് രൂപ കിട്ടുന്നത‌്. ബുധനാഴ്ച രാവിലെ രാമപുരം വടക്കേമഠത്തിന് സമീപമുള്ള വീട്ടിൽ ജോലിക്ക് പോകുവഴി രാമപുരം ജങ്ഷന് സമീപം റോഡിൽനിന്ന‌ാണ‌് ഒരുകടലാസ‌് പൊതി  സെലിന‌്കിട്ടിയത‌്. തുറന്നുനോക്കിയപ്പോൾ നോട്ടുകൾ. സമയത്തിന് ജോലിക്കെത്തേണ്ടതിനാൽ സെലിൻ ജോലിക്കുപോയി മടങ്ങും വഴി രാമപുരം പൊലീസ് സ്‌റ്റേഷനിലെത്തി എസ്‌ഐ കെ എ ജോസഫിന് 
ആ പണം കൈമാറി. പണം നഷ്ടപ്പെട്ട മേരിക്കുട്ടി നേരത്തെതന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. രാവിലെ രാമപുരം പള്ളിയിൽ പോയി മടങ്ങുംവഴി ടൗണിലെ കടയിൽ സാധനംവാങ്ങി ഓട്ടോറിക്ഷയിൽ കയറിയപ്പോളാണ് മേരിക്കുട്ടിയുടെ പക്കൽനിന്ന‌് പണം നഷ്ടപ്പെട്ടത്. തുടർന്ന‌്പരാതിക്കാരിയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് തുക കൈമാറുകയായിരുന്നു. 
 
പ്രധാന വാർത്തകൾ
 Top