21 June Monday
പ്രതിദിന കണക്കിൽ കുറവില്ല

ഭീതിയൊഴിയാതെ ജില്ല

സ്വന്തം ലേഖകൻUpdated: Thursday May 13, 2021
കോട്ടയം
ആശങ്ക ഒഴിയാതെ കോട്ടയത്ത്‌ കോവിഡ്‌ രോഗബാധ. ലോക്‌ഡൗൺ ജില്ലയിലാകെ ശക്തമാണെങ്കിലും  രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന തിരിച്ചടിയാകുന്നുണ്ട്‌.  മെയ്‌ ഒന്നു മുതൽ 12 വരെയുള്ള  രോഗികളുടെ എണ്ണം പരിശോധിച്ചാൽ രണ്ടുദിവസം മാത്രമാണ്‌ രണ്ടായിരത്തിൽ കുറഞ്ഞത്‌. മൂന്നിന്‌ 1650, പത്തിന്‌ 1713.  മറ്റ്‌ ദിവസങ്ങളിലെല്ലാം രണ്ടായിരം കവിഞ്ഞു. അഞ്ചിനാകട്ടെ 3432 രോഗികളുണ്ടായിരുന്നു.  
ബുധനാഴ്‌ചത്തെ എണ്ണം 2904ൽ എത്തി. കഴിഞ്ഞ ശനിയാഴ്‌ച മുതലാണ്‌ സംസ്ഥാനം വീണ്ടും ലോക്‌ഡൗണിലായത്‌. അന്ന്‌ മുതലുള്ള ദിവസേനയുള്ള കണക്കിലും കാര്യമായ കുറവുണ്ടായിട്ടില്ല. ഇതുകൊണ്ട്‌ രോഗം പടരുകയാണെന്ന ഭീതിക്ക്‌ അടിസ്ഥാനമില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ പറയുന്നു.  ലോക്‌ഡൗണായതിനാൽ ജനങ്ങൾ തമ്മിലുള്ള പൊതുസമ്പർക്കം ഇല്ലാതായി.  യാത്രകളും മറ്റും ഇല്ലാതായതിനാൽ ആരും രോഗവാഹകരായും മാറാനും സാഹചര്യമില്ല.  
എന്നാൽ വീടുകളിൽ നിന്നുതന്നെ കുടുംബാംഗങ്ങളിലേക്ക്‌ രോഗം പകരുന്നതാണ്‌ എണ്ണം വർധിക്കാനിടയാക്കിയത്‌.  ഇങ്ങനെ രോഗം പടരാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന്‌ നേരത്തെ  മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. കുടുംബത്തിൽ ഭർത്താവിനോ ഭാര്യക്കോ  രോഗം വന്നാൽ കുട്ടികളടക്കം മറ്റ്‌ അംഗങ്ങളിലേക്കും പടരുന്നതാണ്‌ വെല്ലുവിളി.  റൂം ക്വാറന്റയിനിലെ ഉദാസീനതയും മാസ്‌ക് ധരിക്കലും മറ്റ്‌ സുരക്ഷയിലുമുള്ള അയവുമാണ്‌ കുടുംബത്തിൽ എല്ലാവരിലേക്കും രോഗം എത്തിക്കുന്നത്‌. ആശുപത്രികൾ നിറഞ്ഞെന്നും ചികിത്സ കിട്ടില്ലെന്നുമുള്ള വ്യാജപ്രചാരണവും ശക്തമാണ്‌. അതുകൊണ്ട്‌ കടുത്ത രോഗലക്ഷണമുള്ളവരും ആശുപത്രിയിലോ കോവിഡ്‌ കേന്ദ്രങ്ങളിലേക്കോ മാറാതെ  വീട്ടിൽ തുടരുന്നത്‌ പ്രശ്‌നം വഷളാക്കുന്നു. 
 ശ്വാസംമുട്ടൽ, അമിതമായ ക്ഷീണം, നിർത്താതെയുള്ള ചുമ, മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിച്ചശേഷം തൊട്ടടുത്ത സിഎഫ്എൽടിസിയിൽ എത്തണമെന്നും ആരോഗ്യവകുപ്പ്‌ നിർദേശിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top