22 June Tuesday
50, 00000 നഷ്ടം

മടവീണ്‌ 159 ഏക്കർ കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

നാട്ടകം കണ്ണങ്കര പാടാശേഖരത്ത്  മട വീണപ്പോൾ

കോട്ടയം 
കൊയ്‌തുകൊണ്ടിരുന്ന പാടത്ത്‌ മടവീണ്‌ വെള്ളം കയറി കൃഷി പൂർണമായും നശിച്ചു. നാട്ടകം സിമന്റ്‌ കവലയ്ക്കു സമീപം കാക്കൂർ ചെമ്പാവേലി പാടശേഖരത്താണ് മടവീണത്. കൊയ്‌ത്തിനു പാകമായ 160 ഏക്കർ കൃഷിയാണ് നശിച്ചത്.  32 കർഷകർ ചേർന്നു കൃഷിചെ‌യ്‌ത പാടശേഖരമാണ് വെള്ളത്തിൽ മുങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം ഇറക്കിയാണ് കൃഷി ക്രമീകരിച്ചത്. ബുധനാഴ്‌ച 12.30 ഓടെയാണ്‌ സംഭവം. 
160 ഏക്കറുള്ള പാടത്ത് ഒരേക്കർ മാത്രമാണ്‌ കൊയ്‌ത്‌ തീർത്തത്‌. ബാക്കി കൊയ്യാൻ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ  മഴകാരണം കൊയ്‌ത്ത്‌ മെഷീൻ ഇറക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായതാണ്‌ കൊയ്യാതിരുന്നത്‌. എന്നാൽ ബുധനാഴ്‌ച കൊയ്യാൻ ഇരിക്കെയാണ്‌ മടവീണ്‌ കൃഷി മുഴുവൻ നശിച്ചത്‌. 
30 വർഷം തരിശുകിടന്ന പാടത്തു കഴിഞ്ഞ വർഷമാണു വീണ്ടും കൃഷിയിറക്കിയത്. കഴിഞ്ഞവർഷവും മഴയും, പാടത്ത്‌ വെള്ളം കേറിയതും മൂലം കൃഷി നശിക്കുകയും അന്ന്‌ കൊയ്യാൻ സാധിച്ചില്ല. സമാനമായ രീതിയിൽ മട തകർന്നു വെള്ളം കയറി കൃഷി നശിച്ചതായി കർഷകർ പറയുന്നു. ഇത്തവണ കൊയ്ത്ത് ആരംഭിച്ച് ഒമ്പത് ക്വിന്റൽ നെല്ലു കയറ്റിവിടുകയും ചെയ്‌തിരുന്നു. പിന്നാലെ മഴ ശക്തമായതോടെ കൊയ്ത്ത് നിർത്തിവച്ചു. ഇതിനിടെയാണ് ബുധനാഴ്‌ച പുറംബണ്ട് തകർന്ന് വെള്ളം ഇരച്ചെത്തിയത്.
പാടശേഖരസമിതി പ്രസിഡന്റ്‌ എബി കുന്നേപ്പറമ്പൻ, സെക്രട്ടറി തങ്കച്ചൻ, കർഷകരായ ഇ ജി സുരേഷ്‌ ബാബു, റോബിൻ, ബിജു, മണിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ കൃഷി ചെയ്യുന്നത്‌. ഏകദേശം അമ്പത്‌ ലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി കർഷകർ പറയുന്നു. 
 പുഞ്ചകൃഷിയുടെ അവസാന നാളുകളിൽ വിതച്ച പാടശേഖരങ്ങളിലൊന്നാണിത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെ കൊയ്ത്ത് ഏറെക്കുറെ പൂർണമായി. എന്നാൽ, അവശേഷിക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിലാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം മട വീഴ്ച ഭീഷണി കൂടുതൽ പാടശേഖരങ്ങളിലുണ്ടാകുമെന്നാണു കർഷകരുടെ ആധി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top