14 June Monday
ന്യൂനപക്ഷ വോട്ടുകളും ലഭിച്ചില്ല

ബിജെപി യോഗത്തിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻUpdated: Thursday May 13, 2021

 കോട്ടയം

ബിജെപി വോട്ടുകച്ചവടം സംബന്ധിച്ച്  ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. ന്യൂനപക്ഷ വോട്ടുകളും ലഭിച്ചില്ലെന്ന് വിമർശം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഓൺലൈനിലാണ് ബുധനാഴ്ച വൈകിട്ട് യോഗം ചേർന്നത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വോട്ടു കിട്ടിയ ജില്ലകളിലൊന്നാണ് കോട്ടയം. ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ കുറവ് ഇത്തവണയുണ്ട്. വോട്ട് കച്ചവടം സംബന്ധിച്ച് പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് പരാതി നൽകിയിരുന്നു. സംഘടനാ കെട്ടുറപ്പും അച്ചടക്കവും നഷ്ടപ്പെട്ടതിനെ ചൊല്ലി തർക്കങ്ങളുണ്ടായി. 
ജില്ലാ പ്രസിഡന്റ് നോബിൾമാത്യു ന്യൂനപക്ഷത്തിൽപ്പെട്ടയാളായിട്ടും വോട്ടുകൾ സമാഹരിക്കാനാവാത്ത കാര്യം ചിലർ ചൂണ്ടിക്കാട്ടി. പാലാ, കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വൻതോതിൽ വോട്ടു കുറഞ്ഞതു സംബസിച്ച് സമഗ്ര അന്വേഷണം അതത് മേഖലകളിൽ നടത്തണമെന്ന് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു. 
റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി നടപടി വേണമെന്ന ആവശ്യവും ഉയർന്നു. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരുന്ന കാഞ്ഞിരപ്പള്ളിയിൽ  രണ്ടായിരത്തിലധികവും പാലായിൽ കഴിഞ്ഞ തവണ ലഭിച്ചിരുന്നതിനെ അപേക്ഷിച്ച് പകുതിയിലേറെ വോട്ടും കുറഞ്ഞത് ഗൗരവമായി കാണെണമെന്നും സംഘടനാ കെട്ടുറപ്പാണ് നഷ്ടമായതെന്നും ഭാരവാഹികൾ ആരോപിച്ചു. നേതാക്കളായ കുമ്മനം രാജശേഖരനും പത്മകുമാറും ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top