15 May Saturday

നാടൻ വിഭവങ്ങളുടെ മണവുമായി നാലുമ----ണിക്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
മണർകാട്
നാലുമണിക്ക്‌ മാത്രമല്ല, 24 മണിക്കൂറും ഇവിടെ കാറ്റുവീശും. പക്ഷേ വൈകുന്നേരങ്ങളിൽ ഇവിടെ വീശുന്ന കാറ്റിനൊരു പ്രത്യേകതയുണ്ട്. ബജിയുടേയും ചേമ്പ് പുഴുങ്ങിയതിന്റെയും കപ്പപ്പുഴുക്കിന്റെയും മണമുള്ള കാറ്റാണത്. അതൊന്നു കൊണ്ടാൽ, പിന്നെയും പിന്നെയും നമുക്കിവിടെ വരാൻ തോന്നും. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളം കാറ്റേൽക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നാടൻ രുചികൾ ആസ്വദിക്കുകയും ചെയ്യാം.
 കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെ മണർകാട് പഞ്ചായത്തിൽ  മണർകാട് – ഏറ്റുമാനൂർ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പാലമുറിക്കും പായിപ്രപടിക്കും ഇടയിലുളള പാടശേഖരങ്ങൾ ഒരു കാലത്തു മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലമായിരുന്നു. മാലിന്യക്കുപ്പ’ എന്ന അവസ്ഥയിൽനിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണർകാട് – ഏറ്റുമാനൂർ ബൈപാസ് റസിഡൻസ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം നൽകിയത്.
അവിടെയുണ്ടായിരുന്ന മാലിന്യക്കൂമ്പാരം അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും പ്രദേശം മോടി പിടിപ്പിക്കുകയും ചെയ്തു. പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികിൽ കാറ്റുകൊളളാൻ പാകത്തിന് സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചു. തണൽമരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.
 കാറ്റുകൊള്ളാൻ വരുന്നവർക്കായി കുടുംബശ്രീ യൂണിറ്റുകളുടെ തട്ടുകടകളുമുണ്ട്. നാടൻ പലഹാരങ്ങൾ ചൂടോടെ മിതമായ നിരക്കിൽ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴംപൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടൻ വിഭവങ്ങൾ മാത്രമേ ഇവിടെ ലഭിക്കൂ, അതും വട്ടയിലയിൽ.  
 ഉന്തുവണ്ടിയിൽ നേരമ്പോക്ക് വായനശാലയും ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ചു പുസ്തകം വാടകയ്ക്കെടുക്കാം. പുസ്തകം മടക്കി നൽകിയാൽ പണവും തിരിച്ചു കിട്ടും. അതല്ല, സ്വന്തമായി വാങ്ങണമെങ്കിൽ അതുമാകാം.
 2013 ൽ, വിനോദസഞ്ചാരരംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്കാരം, 2014ൽ, രാജ്യാന്തര സംഘടനയായ സ്കാൽ ഇന്റർനാഷണലിന്റെ ലോക സുസ്ഥിര വിനോദസഞ്ചാര അവാർഡ് എന്നിവയും ഈ ജനകീയ വിനോദസഞ്ചാര പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top