05 December Thursday

കോട്ടയത്ത്‌ ഇനി കലയുടെ നാളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
കോട്ടയം
മുപ്പത്തിരണ്ടാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ചൊവ്വാഴ്‌ച തിരിതെളിയും. കോട്ടയം നഗരത്തിലെ വിവിധ സ്കൂളുകളിലായി 12 മുതൽ 15 വരെയാണ്‌ മത്സരങ്ങൾ നടക്കുക. എംഡി സെമിനാരി എച്ച്എസ്എസാണ്‌ പ്രധാന വേദി. എംടി സെമിനാരി എച്ച്എസ്എസ്, സെന്റ് ജോസഫ് സിജി എച്ച്എസ്എസ്, സെന്റ് ആൻസ് ജിഎച്ച്എസ്എസ്, ബേക്കർ എച്ച്എസ്എസ്, വിദ്യാധിരാജ എച്ച് എസ്എസ് എന്നിവയും വേദികളാകും.
ചൊവ്വാഴ്‌ച പകൽ 3.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറബിക്, സംസ്കൃത കലോത്സവങ്ങൾ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മീനാക്ഷി വിശിഷ്ടാതിഥിയാകും. ജില്ലയിലെ 13 ഉപജില്ലകളിൽ നടന്ന കലാമേളകളിൽ വിജയികളായ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 6000ൽ പരം കുട്ടികളാണ്‌ മേളയിൽ മാറ്റുരയ്ക്കുക.
 പൊലീസ്, അഗ്നിശമനരക്ഷാ സേന, ആരോഗ്യവകുപ്പ്, നഗരസഭ എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണം മേളയിലുണ്ടാകും. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ ഉപ‍യറക്ടർ അധ്യക്ഷയായ അപ്പീൽ കമ്മിറ്റി ഉണ്ടാകും. എല്ലാ മത്സരങ്ങളും റെക്കോഡ് ചെയ്യും. ഇതിന്റെ ചുമതല "കൈറ്റ്' കോട്ടയത്തിനാണ്. മത്സരവേദികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോളിന് കീഴിലായിരിക്കും. പതിനഞ്ചിന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സമാപനസമ്മേളനം തോമസ് ചാഴികാടൻ എംപി  ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ പ്രചാരണ കമ്മിറ്റി ചെയർമാൻ പി സുഗതൻ, സംഘാടകസമിതി വൈസ് ചെയർപേഴ്സൺ ലില്ലിക്കുട്ടി മാമൻ, ജനറൽ കൺവീനർ ടി കെ അജിതകുമാരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു ഐസക്ക് , പ്രചാരണ കമ്മിറ്റി കൺവീനർ കെ എസ്‌ ബിനീത്, ഷിഹാബ് നൈന എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top