20 November Wednesday

മാണി സി കാപ്പന്‌ തിരുനക്കരയിൽ വൻ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

മാണി സി കാപ്പൻ എംഎൽഎയ്ക്ക് എൽഡിഎഫ് നേതൃത്വം തിരുനക്കര പഴയ പൊലീസ് മൈതാനിയിൽ സ്വീകരണം നൽകിയപ്പോൾ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അനുമോദിക്കുന്നു

 കോട്ടയം

നിയമസഭയിൽ ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർധിപ്പിച്ച്‌ 
പാലായിൽ പുതുവസന്തത്തിന്‌ തുടക്കമിട്ട മാണി സി കാപ്പൻ എംഎൽഎയ്‌ക്ക്‌ കോട്ടയം പൗരാവലിയുടെ വൻ വരവേൽപ്പ്‌. എൽഡിഎഫ്‌ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച പരിപാടി പ്രതികൂല കാലാവസ്ഥയിലും ജനനിബിഡമായി.
ഇടതുപക്ഷ വിജയത്തിന്‌ അനുകൂലമായി ചിന്തിച്ച പാലായിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു സ്വീകരണ സമ്മേളനം. ഏറ്റുമാനൂരിലെ സ്വീകരണശേഷം തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ മാണി സി കാപ്പൻ സ്വീകരണവേദിയിലേക്ക്‌ എത്തിയത്‌.
സ്വീകരണസമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ നിലപാടുകൾക്കുള്ള അംഗീകാരമാണ്‌ പാലായിലെ വിജയമെന്ന്‌ അദ്ദേഹം പറഞ്ഞു. പാലായിലെ ജനകീയ പ്രശ്‌നങ്ങൾ പരിഹരിച്ചും സാധാരണക്കാർക്ക്‌ ഒപ്പം നിന്നും ജനങ്ങൾക്കൊപ്പമായിരിക്കും മാണി സി കാപ്പന്റെ പ്രവർത്തനമെന്നും 
വി എൻ വാസവൻ പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച്‌ പാലായിലെ വികസന മുരടിപ്പ്‌ പരിഹരിക്കാനാണ്‌ താൻ ശ്രമിക്കുന്നതെന്ന്‌ സ്വീകരണത്തിനുള്ള നന്ദിപ്രസംഗത്തിൽ 
മാണി സി കാപ്പൻ വ്യക്തമാക്കി. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ അഡ്വ. വി ബി ബിനു, എം ടി കുര്യൻ, കാണക്കാരി അരവിന്ദാക്ഷൻ, ജോസഫ്‌ ചാവറ, മാത്യൂസ്‌ ജോർജ്‌, ഏന്തയാർ റഹ്‌മാൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്‌ സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top