24 June Monday
രണ്ടാംപ്രവേശനോത്സവം

ഫിനിക‌്സ‌് പക്ഷിയെപ്പോലെ കരീമഠം സ‌്കൂൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018

 കോട്ടയം

ആടിപ്പാടിയാണ‌് കുരുന്നുകൾ സ‌്കൂളിലെത്തിയത‌്. അധ്യാപകരെയും കൂട്ടുകാരെയും കണ്ടപ്പോൾ ഓടിച്ചെന്ന‌് കെട്ടിപ്പിടിച്ചു. പിന്നെ പഴയപോലെ ഒരുമിച്ച‌് ബെഞ്ചിലിരുന്നു അൽപം കുശലം.  
പ്രളയക്കെടുതിമൂലം ജില്ലയിൽ തുറക്കാനുണ്ടായിരുന്ന ഒരേയൊരു സ്കൂളായ കരീമഠം വെൽഫെയർ യുപി സ്കൂൾ പ്രവേശനോത്സവത്തോടെ ചൊവ്വാഴ‌്ച തുറന്നു. സ‌്കൂൾ മുറ്റത്ത‌് നിന്നും കഴിഞ്ഞ ദിവസമാണ‌് വെള്ളം ഇറങ്ങിയത‌്. എന്നാൽ അപ്പോഴേക്കും ഒന്നുമില്ലാതാക്കി സ‌്കൂളിലെ മുഴുവൻ വസ‌്തുക്കളും ഒലിച്ചുപോയി. ക്ലാസ‌്മുറികൾ ചെളിയും മണ്ണും കൊണ്ട‌് നിറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പ്രധാന അധ്യാപിക എ കെ സിന്ധുവിന്റെയും മറ്റധ്യാപകരുടെയും പഞ്ചായത്തിന്റെയും സിപിഐ എം, ഡിവൈഎഫ‌്ഐ അടക്കമുള്ള സംഘടനകളുടെയും നേതൃത്വത്തിൽ സ‌്കൂളിനെ പഴയ രൂപത്തിലാക്കി. ക്ലാസ‌്മുറികൾ കഴുകിവൃത്തിയാക്കി ക്ലോറിനേഷൻ നടത്തി പ്രദേശമാകെ ബ്ലീച്ചിങ‌് പൊടി ഇട്ടു.  
പ്രളയകാലത്തിനുശേഷം കുരുന്നുകൾ വീണ്ടും അക്ഷരമുറ്റത്തെത്തിയപ്പോൾ  അവരെ സ്കൂളിലേക്ക് ആനയിക്കുവാൻ ഒരു നാടുമുഴുവൻ ഒരുമിച്ചു. പ്രളയജലം കൂടാതെ ബണ്ട് പൊട്ടിയും വെള്ളം കയറിയതിനാലാണ് സ്കൂൾ തുറക്കാൻ വൈകിയത്. അയ‌്മനം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ‌് പ്രവേശനോത്സവം സംഘടിപ്പിച്ചത‌്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 34 കുട്ടികളാണ് ഉള്ളത‌്.  സെൻട്രൽ ടാക്സിന്റെ വഡോദ്ധരയിലെ കമ്മീഷണറേറ്റിൽ നിന്നും കൊച്ചിയിൽ എത്തിച്ച വലിയ പാക്കറ്റുകൾ സെൻട്രൽ എക്സൈസ് വകുപ്പാണ് സ്കൂളിലെത്തിച്ചത്. കിംസ് ആശുപത്രിയുടെ വക എല്ലാ കുട്ടികൾക്കും കുട, അയ‌്മനം സർവ്വീസ‌് സഹകരണ ബാങ്ക‌്ന്റെ സമ്മാനമായി ബാഗുകൾ, ക്ഷീര വകുപ്പിന്റെ ടെട്രാ പാൽ, കൂടാതെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് വക നോട്ട് ബുക്കുകൾ, പേന, പുത്തനുടുപ്പുകൾ, അരി, പലവ്യഞ്ജനങ്ങൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ടായിരുന്നു. പ്രധാന അധ്യാപിക സിന്ധു 190 കുടുംബങ്ങൾക്ക് ഫാമിലി കിറ്റുകളും നൽകി. 
പ്രവേശനോത്സവത്തോട‌് അനുബന്ധിച്ച‌്  ചേർന്ന യോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ കുട്ടികൾക്ക‌് പഠനോപകരണങ്ങൾ വിതരണം ചെയ‌്തു. അയ‌്മനം പഞ്ചായത്ത‌് പ്രസിഡന്റ‌് എ കെ ആലിച്ചൻ അധ്യക്ഷനായി. വൈസ‌് പ്രസിഡന്റ‌് മിനിമോൾ മനോജ‌്, ക്ഷേമകാര്യ സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ‌്സൺ സാലി ജയചന്ദ്രൻ, വാർഡ‌് മെമ്പർ സുജിത സനിമോൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. കെ ആർ ചന്ദ്രമോഹൻ, കസ‌്റ്റംസ‌് ആൻഡ‌് ജിഎസ‌്ടി അസിസ‌്റ്റന്റ‌് കമീഷണർ എ സരസ്വത്രി ചന്ദ്രമോഹനൻ, പഞ്ചായത്ത‌് സെക്രട്ടറി എൻ അരുൺകുമാർ, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി കെ അനികുമാരി അയ‌്മനം ഈസ‌്റ്റ‌് ലോക്കൽ സെക്രട്ടറി ആർ പ്രമോദ‌് ചന്ദ്രൻ, വെസ‌്റ്റ‌് ലോക്കൽ സെക്രട്ടറി പി കെ മണി, അയ‌്മനം സർവീസ‌് സഹകരണ ബാങ്ക‌് പ്രസിഡന്റ‌് കെ കെ ഭാനു, ക്രിസ്റ്റ്യൻ ബ്രദറൺ ചർച്ച് ബ്രദർ ജയിൻ, കിംസ് ഹോസ്പിറ്റൽ പിആർഒ രാഹുൽ കേശവൻ  എന്നിവർ പങ്കെടുത്തു. പ്രധാന അധ്യാപിക എ കെ സിന്ധു സ്വാഗതം പറഞ്ഞു.  ഡിവൈഎഫ‌്ഐ അയ‌്മനം വെസ‌്റ്റ‌് മേഖലാ കമ്മിറ്റി സ‌്കൂൾ ഏറ്റെടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top