കോട്ടയം
ജലസുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ജലബജറ്റ് ജില്ലയിൽ സമഗ്രമാകുന്നു. നവകേരള കർമപദ്ധതിയുടെ ഭാഗമായുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജലബജറ്റ് അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ബജറ്റിന്റെ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. ഈരാറ്റുപേട്ട ബ്ലോക്കിലാണ് ജില്ലയിൽ ആദ്യം ജലബജറ്റ് അവതരിപ്പിച്ചത്. ജലലഭ്യതയിൽ വലിയ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. നീർച്ചാലുകൾ വീണ്ടെടുപ്പ്, കിണറുകളുടെ റീച്ചാർജിങ്, മഴക്കുഴി നിർമാണം, തോടുകളുടെ ആഴംകൂട്ടൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ജലവിഭവ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വാഴൂർ, പാമ്പാടി ബ്ലോക്കുകളിൽ ബജറ്റ് തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്കുവേണ്ടി വരുന്ന ജലത്തിന്റെ അളവും കണക്കാക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ ഉപഭോഗത്തിന്റെ കണക്കും അതിലെ കുറവും വർധനയും സംബന്ധിച്ച വിശദ വിവരവും സംരക്ഷണ നടപടികളും ഉൾക്കൊള്ളുന്ന ജലബജറ്റ് തയ്യാറാക്കി അവതരിപ്പിക്കും. എൽഡിഎഫ് സർക്കാർ മുന്നോട്ട് വയ്‌ക്കുന്ന സുസ്ഥിര വികസന നയത്തിലെ സുപ്രധാന ചുവടുവയ്‌പ്പായി ജലബജറ്റ് മാറുകയാണ്.
എന്താണ് ജലബജറ്റ് ?
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. 2023ലാണ് സർക്കാർ പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാദേശിക തലത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിന് ജലലഭ്യതയും ജല ആവശ്യങ്ങളും കൃത്യമായി കണക്കാക്കണം. ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്കുവേണ്ടി വരുന്ന അളവും കണക്കാക്കുകയാണ് ആദ്യപടി. ലഭ്യതക്കനുസരിച്ച് ഓരോ മേഖലയിലും നിലവിൽ എത്ര ആവശ്യമുണ്ടെന്നും ഭാവിയിലെ വ്യതിയാനം എത്രയെന്നും പഠിക്കും. നീർച്ചാലുകളിലെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കുന്നതിന് വേണ്ട ജലത്തിന്റെ അളവും ക്രമപ്പെടുത്തും. തുടർന്ന് വേനൽകാലത്തേക്ക് സംഭരിക്കേണ്ട ജലത്തിന്റെ അളവും കണക്കാക്കും. പരിശോധനയിൽ കണ്ടെത്തിയ ലഭ്യമായ അളവും നമുക്കുവേണ്ട അളവും താരതമ്യം ചെയ്യും. ശേഷം, കൃത്യമായ ആസൂത്രണത്തോടെ അവയിലെ അന്തരം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾക്ക് രൂപം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..