19 February Tuesday

മഴ ശക്തം; ആറുകൾ നിറഞ്ഞൊഴുകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കടുത്തുരുത്തി‐പിറവം റോഡിൽ കൈലാസപുരം ക്ഷേത്രത്തിന് മുൻവശം വെള്ളത്തിൽ മുങ്ങിയപ്പോൾ

 കോട്ടയം

കാലവർഷം ശക്തമായതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മീനച്ചിലാറിലെയും കൊടൂരാറിലെയും ജലനിരപ്പ് ഉയർന്നു. ആറ്റുതീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ചിലയിടങ്ങളിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.    
മഴ കനത്തതോടെ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. തോട്, നദി എന്നിവിടങ്ങളോട് ചേർന്നുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. മണിമല, പമ്പ, മീനച്ചിൽ, നദികളിൽ ഇനിയും ജലനിരപ്പുയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട‌്. മഴയ‌്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പുലർ ത്തണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
മഴ ശക്തിപ്രാപിച്ചതോടെ കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചങ്ങനാശേരി ആലപ്പുഴ റോഡിലും നേരിയതോതിൽ വെള്ളം കയറി. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശം, മണർകാട്, വിജയപുരം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, നീണ്ടൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കോട്ടയം കുമരകം റൂട്ടിൽ ചെങ്ങളത്ത് പലയിടത്തും വെള്ളം കയറിത്തുടങ്ങി. കോട്ടയം നഗരസഭാ വാർഡായ ചാലുകുന്നിന് സമീപം സിഎൻഐ‐കൊച്ചാന റോഡിൽ വെള്ളംകയറി ഗാതഗതം തടസ്സപ്പെട്ടു. മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോടിന്റെ കരയിലെ റോഡാണിത്. തോടിന്റെ തീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതാണ് കൊച്ചാന റോഡിൽ വെള്ളം കയറാൻ കാരണം.
 കനത്ത മഴയിൽ മലയോര മേഖലകളിലെ ചില പ്രദേശങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും. തലനാട് പഞ്ചായത്തിലെ ചോന മലയിലാണ് ചൊവ്വാഴ്ച വൈകിട്ട‌് പെയ്ത കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.  തലനാട് നിന്നും ഇല്ലിക്കല്ലിന് പോകുന്ന വഴിയാണിത്. കരിങ്ങാട്ടിൽ ലാലൻ, ഒറവത്തൊട്ടിയിൽ രവി എന്നിവരുടെ സ്ഥലത്തു നിന്നാണ് ഉരുൾപൊട്ടിയത്. റോഡിന്റെ അടിവശത്തു നിന്നും ഉരുൾപൊട്ടിയതോടെ റോഡും അപകടാവസ്ഥയിലായി. റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകളും തകർന്നു. ഏക്കറു കണക്കിന് കൃഷികൾ നശിച്ചു. റബർ ഉൾപ്പെടെയുള്ള കൃഷികളാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തലനാട് വില്ലേജ് ഓഫീസർ, തലനാട് പഞ്ചായത്ത് പ്രസിഡന്റ് സതി വിജയൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കനത്തമഴയിൽ കടുത്തുരുത്തിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുൾപ്പെടെ വെള്ളത്തിലായി.  പ്രദേശത്തെ തോടുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്.  നൂറുകണക്കിന് വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകൾ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹനഗതാഗതം സ്തംഭിച്ചു. ഗ്രാമീണ റോഡുകൾ പൂർണമായും വെള്ളത്തിലായതോടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കല്ലറയിലേയും കടുത്തുരുത്തിയിലേയും ഞീഴൂരിലേയും മാഞ്ഞൂരിലേയും താഴ്ന്ന സ്ഥലങ്ങളും പരിസര പ്രദേശങ്ങളും വെള്ളത്തിലായി. കടുത്തുരുത്തി‐പെരുവ റോഡിലെ കൈലാസപുരം ഭാഗത്തും കടുത്തുരുത്തി‐തോട്ടുവ റോഡിൽ പാലകര ഭാഗത്തും കുറുപ്പന്തറ‐കല്ലറ റോഡിൽ കടവ് ഭാഗത്തും വെള്ളം കയറിയതോടെ വാഹന ഗതാഗതം തടസ്സപെട്ടു. കടുത്തുരുത്തി‐ആപ്പൂഴ തീരദേശ റോഡും വെള്ളത്തിലാണ്. കടുത്തുരുത്തി വലയിതോട്, ചുള്ളിതോട്, കോതനല്ലൂർ കുഴിയാഞ്ചാൽ തോട് തുടങ്ങിയ തോടുകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മഴയിൽ വ്യാപകമായ കൃഷിനാശവും ഉണ്ട‌്.  ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷിനാശമുണ്ടായത്. വെള്ളം കയറിയതിനെ തുടർന്ന് പല റോഡുകളിലും വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപെട്ടു.  
തോടരികിലുള്ള കൃഷിയിടങ്ങളും, റബർ തോട്ടങ്ങളുമെല്ലാം വെള്ളത്തിനടിയിലാണ്. വാലാച്ചിറ, ആപ്പുഴ, കല്ലറ, മുണ്ടാർ, പെരുന്തുരുത്ത്, പഴമ്പട്ടി, കോരിക്കൽ, എഴുമാന്തുരുത്ത്, കാന്താരികടവ്, ആയാംകുടി, ആപ്പുഴ, മാന്നാർ മിച്ചഭൂമി, വെള്ളാശേരി  തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വീടുകൾ വെള്ളത്തിലാണ്. നാലുവശവും വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിലേക്ക് എത്താൻ മാർഗമില്ലാത്ത സ്ഥിതിയാണ്.
 
പ്രധാന വാർത്തകൾ
 Top