19 September Thursday
റെയിൽപാത ഇരട്ടിപ്പിക്കൽ

ഭൂമി ഏറ്റെടുത്ത‌് സെപ‌്തം. 30ന‌് മുമ്പ‌് കൈമാറും: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
കോട്ടയം
കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കലിന‌് അവശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കൽ സെപ‌്തംബർ 30 ന‌് മുമ്പ‌് പൂർത്തിയാക്കി റെയിൽവേയ‌്ക്ക‌് കൈമാറുമെന്ന‌് കലക്ടർ പി കെ സുധീർബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യതിരുവിതാംകൂറിന്റെ ചിരകാല പ്രതീക്ഷയായ റെയിൽപ്പാത ഇരട്ടിപ്പിക്കൽ യാഥാർഥ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
  കലക്ടറുടെ ചേംബറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്ത‌് ചേർന്ന യോഗത്തിന‌് ശേഷമാണ‌് കലക്ടർ മാധ്യമപ്രവർത്തകരെ കണ്ടത‌്. ഇത‌് സംബന്ധിച്ച ഭൂമി ഏറ്റെടുക്കലിനായി ‘അക്വിസിഷൻ ആക‌്ട‌്’ അനുസരിച്ച‌് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട‌്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ മൂല്യനിർണയം നടത്തിവരികയാണ‌്. അതത‌് വില്ലേജ‌് ഓഫീസർമാരുടെ മേൽനോട്ടത്തിലാണ‌് ഈ നടപടി പുരോഗമിക്കുന്നത‌്. ഭൂമി ഏറ്റെടുക്കലിനും വില്ലേജ‌് ഓഫീസർമാർ നേതൃത്വംനൽകും. പെരുമ്പായിക്കാട‌്, അതിരമ്പുഴ, മുട്ടമ്പലം എന്നീ വില്ലേജുകളിലാണ‌് ഇനി പാത ഇരട്ടിപ്പിക്കലിന‌് ഭൂമി ഏറ്റെടുക്കാനുള്ളത‌്.
  കോട്ടയം പാതയ‌ിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത‌് 16.5 കിലോമീറ്ററിലാണ‌് ഇനി പാത ഇരട്ടിപ്പിക്കാനുള്ളത‌്. ഇതിൽ ഏഴുകിലോമീറ്റർ ഭാഗത്തുമാത്രമാണ‌് ഭൂമി ഏറ്റെടുത്ത‌് കൈമാറാനുള്ളത‌്. ഭൂമി പൂർണമായും ഏറ്റെടുത്താൽ മാത്രമേ പാതനിർമാണം വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഏറ്റെടുത്ത‌് നൽകിയ സ്ഥലത്ത‌് നിർമാണം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ചാന്നാനിക്കാട‌്, പാക്കിൽ, പി ആൻഡ‌് ഇ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ പൂർത്തിയാകാനുണ്ട‌്. ഇതുകൂടാതെ പാത കടന്നുപോകുന്ന ഭാഗത്ത‌് കൊടൂരാർ, മീനച്ചിലാർ, നീലിമംഗലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ‌്. 
   നീലിമംഗലം പാലത്തിന്റെ ഒരു ഭാഗത്ത‌് പൈലിങ‌് ജോലികൾ ആരംഭിച്ചതായും റെയിൽവേ അധികൃതർ യോഗത്തിൽ പറഞ്ഞു. ദക്ഷിണറെയിൽവേ ചീഫ‌് എൻജിനീയർ ഷാജി സക്കറിയ, എഡിഎം സി അജിത കുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ നന്ദഗോപൻ,  അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബാബു സക്കറിയാസ്, സ‌്പെഷ്യൽ തഹിൽദാർ സോളി ആന്റണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top