21 February Thursday

എട്ടരക്കോടിയുടെ പാഴായ പദ്ധതി, "വാട്ട‌്'ർ ഹബ്ബ‌്...

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

കോട്ടയം കച്ചേരിക്കടവിലെ വാട്ടർ ഹബ്ബ്‌ കാടുപിടിച്ച നിലയിൽ

 കോട്ടയം > എട്ടരക്കോടിയുടെ പാഴായ പദ്ധതിയുടെ നേർക്കാഴ‌്ചയായി മാറുകയാണ‌് കച്ചേരിക്കടവ‌് വാട്ടർ ഹബ്ബ‌്. 2015 ജനുവരിയിൽ നിർമാണം പൂർത്തിയാക്കി അന്ന‌് ഗാതാഗത മന്ത്രിയും നിലവിൽ സ്ഥലം എംഎൽയുമായ തിരുവഞ്ചൂർ രാധാകൃഷ‌്ണനാണ‌് വാട്ടർ ഹബ‌് ഉദ‌്ഘാടനം ചെയ‌്തത‌്. ഉദ‌്ഘാടനത്തിന‌് മാത്രം തുറന്ന ഹബ‌് പിന്നീട‌് ഇതുവരെ തുറന്നിട്ടില്ല. നാല‌് വർഷം പിന്നിടുന്നു. കുട്ടികൾക്ക‌് കളിക്കാനായി സ്ഥാപിച്ച കളിക്കോപ്പുകളിൽ പലതും തുരുമ്പെടുക്കുകയും ഇരിപ്പിടങ്ങളും തറയോടുകൾ പാകിയ നടപ്പാതയും നശിച്ചും തുടങ്ങിയിരിക്കുന്നു. ഹബ്ബ‌് മനോഹരമാക്കാൻവച്ച ചെടികൾ കാടായി മാറി. 

മാലിന്യവും പ്ലാസ്റ്റിക‌് കുപ്പികളും ഇവിടെ പലയിടത്തായി കൂടിക്കിടക്കുകയാണ‌്. മാത്രമല്ല വൈകിട്ട‌് നടക്കാനായി ആറിനോട‌് ചേർന്ന‌് നിർമിച്ച പാതയിലെ തറയോടുകൾ പലതും ഇളകിയ നിലയിലാണ‌്. പെഡൽബോട്ട‌് കൊണ്ടുവരുമെന്നുള്ള വാഗ‌്ദാനം ജലരേഖയായി മാറി. വൈകുന്നേരങ്ങൾ ചെലവഴിക്കാനായി സ്ഥാപിച്ച വാട്ടർ ഹബ്ബ‌് ഇപ്പോൾ രാത്രിയാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും ഇടത്താവളമാണ‌്. നഗരത്തിലെ കഞ്ചാവ‌് മാഫിയകളുടെ പ്രധാന കേന്ദ്രമായി ഇവിടം മാറുകയാണ‌്. ഇത‌് സമീപ വീട്ടുകാർക്ക‌് ഭീക്ഷണിയായി മാറിയിരിക്കുന്നു. ആറു കഴിഞ്ഞാൽ സ‌്ത്രീകൾക്ക‌് ഇത‌ുവഴി സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ‌്. 

നഗരത്തിലെ പകുതിയിൽ കൂടുതൽ ഓടകളിലെ വേസ്റ്റുകളും ടോയിലറ്റ‌് വേസ്റ്റുകളും വന്നടിയുന്നത‌് കച്ചേരിക്കടവ‌് തോട്ടിലാണ‌്. നഗരത്തിലൈ ഓടകളുടെ സംഗമസ്ഥാനം കൂടിയാണിവിടം. ഇത‌ിനാൽ സമീപ വീടുകളിലെ കിണറുകളിലെ ജലം മലിനമാവുകയാണ‌്. മാത്രമല്ല ദുർഗന്ധവും. പോളയും കളയും തിങ്ങി നിറഞ്ഞിരിക്കുന്ന ഇവിടെ വൃത്തിയാക്കാനും സാധ്യമല്ലാത്ത സ്ഥിതിയിലാണ‌്. ഹബ്ബ‌് നിർമിക്കുന്നതിന‌് മുമ്പ‌് ഇവിടുത്തെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ റോഡ‌ാകട്ടെ എംഎൽഎയുടെ വീടിന‌് സമീപത്തുകൂടിയാണ‌് പോകുന്നത‌്. അതേസമയം വാട്ടർ ഹബ്ബ‌് നിർമാണത്തിലെ അഴിമതി പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ‌്.

 

പ്രധാന വാർത്തകൾ
 Top