25 June Tuesday
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷം

ജില്ലയില്‍ പ്രദര്‍ശന വിപണന സേവന മേള സംഘടിപ്പിക്കും-: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 കോട്ടയം

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ബഹുജന പങ്കാളിത്തത്തോടെ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി 20 മുതൽ 27 വരെ വകുപ്പുകളുടെ പ്രദർശന–--വിപണന–--സേവന മേള സംഘടിപ്പിക്കും. ആഘോഷ സംഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
1000 ദിവസത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഭാവി പ്രവർത്തനദിശ എങ്ങനെയാകണമെന്ന കാഴ്ചപ്പാട് ഉറപ്പിക്കാനാണ് ആഘോഷം സംഘടിപ്പിക്കുന്നത‌്. വിവിധ വകുപ്പുകൾ നടപ്പാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം ജനങ്ങളിൽ പൂർണമായി എത്തുന്ന വിധത്തിൽ മേള സംഘടിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഓരോ വകുപ്പും നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണം ക്ലാസ്സുകളും കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമാകും. 
മേളയുടെ നടത്തിപ്പിന് മന്ത്രി പി തിലോത്തമൻ ചെയർമാനും കലക്ടർ പി കെ സുധീർബാബു കൺവീനറുമായ ജില്ലാതല സമിതിക്ക് പുറമെ കലക്ടർ ചെയർമാനും നഗരസഭാ അധ്യക്ഷ പി ആർ സോന വൈസ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായ ജനറൽ കമ്മിറ്റിയും മേളയ‌്ക്ക് നേതൃത്വം നൽകും. ജില്ലാതല ആഘോഷത്തിന് പുറമേ എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷം  സംഘടിപ്പിക്കും. സബ് കലക്ടർ , ആർഡിഒ എന്നിവർ  കോട്ടയം റവന്യു ഡിവിഷൻ തലത്തിൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. എംഎൽഎമാർ അധ്യക്ഷരായും തഹസീൽദാർമാർ കൺവീനറായും ഡിഡിഒമാർ ജോയിന്റ് കൺവീനർമാരായുമുളള കമ്മറ്റികൾ 13നകം രൂപീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും നിയോജക മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും ഭരണാനുമതി കിട്ടിയ പ്രോജക്ടുകളുടെ നിർമാണോദ്ഘാടനവും സംഘടിപ്പിക്കും. നാഗമ്പടം മൈതാനിയിൽ നടത്തുന്ന മേളയിൽ വിവിധ വകുപ്പുകൾ ആസുത്രണം ചെയ‌്ത വിവിധ പരിപാടികളുടെ റിപ്പോർട്ട് വകുപ്പ് മേധാവികൾ യോഗത്തിൽ അവതരിപ്പിച്ചു. 
ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ  കലക്ടർ പി കെ സുധീർ ബാബു, എംഎൽഎമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, സി കെ ആശ, ഡോ. എൻ ജയരാജ്, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സബ് കലക്ടർ ഈശപ്രിയ, എഡിഎം അലക്‌സ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top