07 August Friday

തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതിനെതിരെ പതിനായിരങ്ങൾ തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

ആർഇജിഎ വർക്കേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

 

 
കോട്ടയം /തിരുവനന്തപുരം
തൊഴിലുറപ്പു പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്‌  താക്കീതായി ഉറച്ച ശബ്ദവും തളരാത്ത പോരാട്ടവീറുമായി  പതിനായിരങ്ങൾ തെരുവിൽ. 7.2 കോടി പേർ തൊഴിലെടുക്കുന്ന തൊഴിലുറപ്പ്‌ പദ്ധതിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി എൻആർഇജി വർക്കേഴ്‌സ്‌ യൂണിയ (സിഐടിയു)ന്റെ   നേതൃത്വത്തിലാണ്‌ കേരളത്തിൽ തൊഴിലാളികൾ തെരുവിലിറങ്ങിയത്‌.
തിരുവനന്തപുരം, കൊല്ലം ജില്ലയിലെ തൊഴിലാളികൾ രാജ്‌ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമാണ്‌ മാർച്ച്‌ നടത്തിയത്‌. കനത്തവെയിലിനെ അവഗണിച്ച്‌ ആയിരങ്ങളാണ്‌ തങ്ങളുടെ അവകാശ പോരാട്ട സമരത്തിൽ അണിനിരന്നത്‌. കോട്ടയത്ത്‌ കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. 
   സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ പോസ്‌റ്റോഫീസ്‌ പടിക്കൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷീജ അനിൽ അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റി അംഗം എസ്‌ ഷാജി, ജില്ലാ ട്രെഷറർ വി രമേഷ്‌ എന്നിവർ സംസാരിച്ചു. മാർച്ചിന്‌ പി വി സുകുമാരൻനായർ, പി എസ്‌ വിനോദ്‌, കെ ബി പുഷ്‌കരൻ, എ ജെ ജോൺ, വി മനോഹരൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കൃഷ്‌ണകുമാരി രാജശേഖരൻ സ്വാഗതവും സി ടി രാജേഷ്‌ നന്ദിയും പറഞ്ഞു. 
വർഷം 250 തൊഴിൽദിനം അനുവദിക്കുക, ദിവസവേതനം 600 രൂപയാക്കുക, ജോലിസമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെയാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. ആയിരക്കണക്കിനു സ്‌ത്രീത്തൊഴിലാളികളാണ്‌ അണിനിരന്നത്‌. മ്യൂസിയം ജങ്‌ഷനുമുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ രാജ്‌ഭവനുമുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന ധർണ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top