10 August Monday
ലൈഫ് മിഷന്‍

മൂന്നാംഘട്ടം ജീവിതമാകുന്നത്‌ 6,480 കുടുംബങ്ങള്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

 കോട്ടയം

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ മൂന്നാംഘട്ടം ജില്ലയിൽ ഭൂമിയും വീടുമില്ലാത്ത 6,480 പേർക്കായി ഭവന സമുച്ചയങ്ങൾ നിർമിക്കും. ആകെ അപേക്ഷ സമർപ്പിച്ച 16,685 പേരിൽനിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഒന്നാംഘട്ടം ജില്ലയിൽ 1,093 വീടുകളാണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച 7,437 ഗുണഭോക്താക്കളിൽ 4,470 പേർ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
  4,005 പേരാണ്‌ തദ്ദേശഭരണ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ട് നിർമാണം ആരംഭിച്ചത്‌.  ഇതുകൂടാതെയാണ്‌ മൂന്നാംഘട്ടം പ്രവർത്തനം ആരംഭിച്ചത്‌. ഇതിൽ 4,598 പേർ പഞ്ചായത്തുകളിലും 1,522 പേർ മുനിസിപ്പാലിറ്റികളിലുമാണ്. അപേക്ഷ നൽകിയ 375 പേർ സ്വന്തമായി ഭൂമി വാങ്ങിയതിനാൽ ഇവരെ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ഭവനനിർമാണ സഹായം നൽകാൻ നടപടി സ്വീകരിച്ചു. മൂന്നാംഘട്ടം ജില്ലയിൽ നാലുഭവന സമുച്ചയങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. പൈലറ്റ് പ്രോജക്ടിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. 
ഇതിനു പുറമെ റവന്യൂ വകുപ്പ്‌  ഉടമസ്ഥതയിലുള്ള അഞ്ചുസ്ഥലങ്ങളും  റവന്യൂ ഭൂമി ഒഴികെയുള്ള ഏഴു സ്ഥലങ്ങളും പദ്ധതിക്കായി പഞ്ചായത്തുകൾ ശുപാർശ ചെയ്തിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങളും ഭവനസമുച്ചയത്തിന് അനുയോജ്യമാണോ എന്നതും ലാൻഡ് റവന്യു വിഭാഗം പരിശോധിച്ചുവരുന്നു. തീരദേശ പരിപാലന -നീർത്തട സംരക്ഷണ നിയമങ്ങൾ പ്രകാരം അനുമതിയില്ലാത്തവർ, റേഷൻ കാർഡുമായി ബന്ധപ്പെട്ട തടസ്സങ്ങളുള്ളവർ, ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തവർ, കൈവശ രേഖയിൽ തോട്ടം എന്നു രേഖപ്പെടുത്തിയിട്ടുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അർഹരെങ്കിലും നിർമാണാനുമതി ലഭിക്കാതിരുന്നത്. മുനിസിപ്പാലിറ്റികളിൽ ഗുണഭോക്താക്കളെ പിഎംഎ വൈ-ലൈഫ് പദ്ധതിയിൽ പെടുത്തിയാണ് വീടുകൾ നിർമിച്ച് നൽകുന്നത്.
 
നാലു ലക്ഷം നാല്‌ ഗഡുക്കളായി
കോട്ടയം
പദ്ധതി തുകയായ നാലുലക്ഷം രൂപ നാലു ഗഡുക്കളായാണ് നൽകുക. വിദൂര സങ്കേതങ്ങളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്ക് ആറു ലക്ഷം രൂപ അഞ്ചു ഗഡുക്കളായി നൽകും.  കരാറിലേർപ്പെട്ട 4,005 ഗുണഭോക്താക്കൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഹഡ്കോയുടെയും സംസ്ഥാന സർക്കാരിന്റെയും വിഹിതങ്ങൾ ഉൾപ്പെടെ ഇതുവരെ ആകെ 156.60 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
  സംസ്ഥാനത്ത് രണ്ടുലക്ഷം ലൈഫ് വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം  ജനുവരി 26 ന് നടക്കും. ഇതോടനുബന്ധിച്ച് ജില്ലയിൽ ബ്ലോക്ക്, മുനിസിപ്പാലിറ്റി, 
ജില്ലാ തലങ്ങളിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ കോ- ഓർഡിനേറ്റർ സി എൻ  സുഭാഷ് അറിയിച്ചു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top