19 September Thursday

കിഴക്ക്‌ ഇടിഞ്ഞു പടിഞ്ഞാറ്‌ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

കോട്ടയം ഇറഞ്ഞാലിൽ വെള്ളംകയറിയതിനെ തുടർന്ന് അവശ്യ സാധനങ്ങളുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നവർ

 കോട്ടയം

മീനച്ചിലാർ കരകവിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ടു. പ്രധാനറോഡുകളടക്കം വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലേക്ക്‌ ഗതാഗതം പൂർണമായും നിലച്ചു. വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന്‌ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. 5400 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. ബണ്ട്‌ കവിഞ്ഞ്‌ പാടശേഖരങ്ങളിലേക്ക്‌ വെള്ളം കയറിയതോടെ കൃഷിനാശവും വ്യാപകമായി. കിഴക്കൻമേഖലയിൽ ജലനിരപ്പ്‌ താഴ്‌ന്നതോടെ താഴ്‌ന്നപ്രദേശമായ പടിഞ്ഞാറൻ മേഖലയിലേക്ക്‌ വെള്ളം കുത്തിയൊഴുകി എത്തുകയാണ്‌. ശനിയാഴ്‌ച പകൽ ശക്തമായ  മഴയായതോടെ ജലനിരപ്പുയർന്നു. അയ‌്മനം, തിരുവാർപ്പ‌്, ആർപ്പൂക്കര പഞ്ചായത്തുകളിൽ ദുരിതമായി. കുമ്മനം ചെമ്മനാഴി ആറ്റുതീരത്തെ വീടുകൾ വെള്ളത്തിലായി. താഴ‌്ന്ന പ്രദേശങ്ങളിലേക്ക‌് വെള്ളം ഇരച്ചെത്തുകയാണ്‌. 
   കഴിഞ്ഞദിവസം അതിശക്തമായ മഴപെയ്‌ത ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളിൽ ശനിയാഴ്‌ച കാര്യമായ മഴയുണ്ടായില്ല. കുമരകം ഭാഗത്തും കാര്യമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. റോഡുകളിൽ മണ്ണിടിച്ചിലിനെ തുടർന്ന്‌ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. കാഞ്ഞിരപ്പള്ളിയിലെ രണ്ട്‌ ദുരിതാശ്വാസക്യാമ്പുകൾ പിരിച്ചുവിട്ടു.
  റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ചേർത്തല, പരിപ്പ്‌ ഭാഗങ്ങളിലേക്കുള്ള കെഎസ്‌ആർടിസി സർവീസ്‌ നിർത്തി. ചങ്ങനാശേരിയിൽ നിന്ന്‌ ആലപ്പുഴ ഭാഗത്തേക്കുള്ള സർവീസും ഭാഗികമായി നിർത്തി. ഉച്ചയോടെ നിർത്തിയ സർവീസ്‌ പിന്നീട്‌ പുനരാരംഭിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പ്‌ ശക്തമായതോടെ പൂർണമായും അവസാനിപ്പിച്ചു. ജില്ലയിൽ 117  ദുരിതാശ്വാസ ക്യാമ്പുകളിലായി 8849  ആളുകളാണ്‌ കഴിയുന്നത്‌. 
   കോട്ടയം താലൂക്കിലാണ്‌ ഏറ്റവും കൂടുതൽ.കോട്ടയത്ത്‌ 80 ക്യാമ്പുകളിലായി 3547 ആളുകളും, വൈക്കത്ത്‌ 20 ക്യാമ്പുകളിലായി 4131 ആളുകളും കഴിയുന്നുണ്ട്‌. ആറ്‌ ക്യാമ്പുകളിലായി ചങ്ങനാശ്ശേരിയിൽ 309 പേരും, മീനച്ചിൽ താലൂക്കിൽ 11 ക്യാമ്പുകളിലായി 862 പേരും ക്യാമ്പുകളിലുണ്ട്‌.   1075 കുട്ടികളും , 3943 സ്‌ത്രീകളും ജില്ലയിൽ വിവിധ ക്യാമ്പുകളിലായി  കഴിയുന്നുണ്ട്‌.
അറുപുഴ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ 18 കുടുംബങ്ങൾ അടങ്ങുന്ന ക്യാമ്പ്‌ പ്രവർത്തിക്കുന്നുണ്ട്‌. 
കോട്ടയം വില്ലേജിൽ  80, വൈക്കം 20, ചങ്ങനാശ്ശേരി 6, മീനച്ചിൽ 11 എന്നിങ്ങനെയാണ്‌ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്‌. കാഞ്ഞിരപ്പള്ളി വില്ലേജിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ നിന്ന്‌  ശനിയാഴ്‌ച ആളുകൾ വീടുകളിലേക്ക്‌ മടങ്ങി.
 
 
പ്രധാന വാർത്തകൾ
 Top