14 June Monday
നെല്ല്‌ ഉൾപ്പെടെ

ധാന്യവിളകളുടെ താങ്ങുവില വർധന തട്ടിപ്പ്‌: കേരള കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
കോട്ടയം
നെല്ല്‌ ഉൾപ്പെടെ ധാന്യവിളകളുടെ താങ്ങുവില വർധിപ്പിച്ചെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം ശുദ്ധതട്ടിപ്പല്ലാതെ മറ്റൊന്നുമല്ലെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ഏഴ്‌ മാസമായി രാജ്യത്തെ കർഷകർ പ്രക്ഷോഭത്തിലാണ്‌. സമരക്കാരെ അനുനയിപ്പിക്കാനുള്ള അവസാന അടവാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വർധന. അതേസമയം, കർഷകരെ സമരത്തിലേക്ക്‌ തള്ളിവിട്ട വിവാദ നിയമങ്ങൾ പിൻവലിച്ച്‌ സമരക്കാരുമായി ചർച്ച പുനഃരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രം ഒന്നും പറയുന്നില്ല. കൃഷിഭൂമി കോർപറേറ്റുകൾക്ക്‌ സ്വായത്തമാക്കുന്ന നിയമങ്ങളാണ്‌ മൂന്ന്‌ ബില്ലുകളുടെ രൂപത്തിൽ ബിജെപിക്ക്‌ മൃഗീയ ഭൂരിപക്ഷമുള്ള പാർലമെന്റിൽ പാസാക്കിയെടുത്തത്‌. ഇവ പിൻവലിക്കണമെന്ന മുദ്രാവാക്യം ഉയർത്തി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഡെൽഹി ലക്ഷ്യമാക്കി നൂറ്‌കണക്കിന്‌ കർഷകരാണ്‌ സമരത്തിനെത്തിയത്‌. മാസങ്ങളായി തുടരുന്ന സമരത്തെ തകർക്കാൻ സംഘപരിവാർ സർക്കാർ കൈക്കൊണ്ട എല്ലാ മാർഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ താങ്ങുവില പ്രഖ്യാപനമെന്ന പ്രഹസനം. 
കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദനച്ചെലവിന്‌ അനുസൃതമായി വില നിശ്ചയിക്കണമെന്ന ‘സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌’ പൂഴ്‌ത്തിയ കേന്ദ്ര സർക്കാർ കർഷകരുടെ കണ്ണിൽ പൊടിയിടാനാണ്‌ താങ്ങുവില വർധനയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ 14 –- 17 രൂപ നെല്ലിന്‌ കിലോ വിലയുള്ളപ്പോഴാണ്‌ കേരള സർക്കാർ കഴിഞ്ഞ സീസണിൽ 27.48 രൂപ വില നിശ്ചയിച്ച്‌ നൽകിയത്‌. തുടർന്ന്‌ 52 പൈസ കൂടി കൂട്ടി കിലോ വില 28 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌.  ഇപ്പോൾ രാജ്യത്ത്‌ ഏറ്റവും ഉയർന്ന വിലയ്‌ക്ക്‌ നെല്ല്‌ കർഷകരിൽ നിന്ന്‌ വാങ്ങുന്നത്‌ കേരളത്തിലാണ്‌. 
ഈ ഘട്ടത്തിൽ താങ്ങുവില പ്രഖ്യാപനമല്ല മറിച്ച്‌ ‘വിവാദ നിയമങ്ങൾ പിൻവലിച്ചു’ എന്ന പ്രഖ്യാപനമാണ്‌ കേന്ദ്രം നടത്തേണ്ടതെന്ന്‌ കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ആർ നരേന്ദ്രനാഥും സെക്രട്ടറി കെ എം രാധാകൃഷ്‌ണനും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top